ദില്ലി: പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി, ഗുരുതര പൊള്ളലേറ്റ് യുവാവിന് അന്ത്യം. ദക്ഷിണ ദില്ലിയിലെ സാഗര്‍പൂരിലാണ് സംഭവം. മുഖത്തും നെഞ്ചിലുമായി തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഭാര്യയുടെ മുന്നില്‍വച്ചാണ് അപകടം നടക്കുന്നത്.

ദില്ലി സ്വദേശിയായ പങ്കജ് സിംഗാണ് മരിച്ചത്. മകനെ ട്യൂഷന്‍ ക്ലാസില്‍ നിന്ന് കൊണ്ടു വരാന്‍ പോയതായിരുന്നു പങ്കജ്. ട്യൂഷന്‍ സെന്ററിന് അടുത്ത് തന്നെയുള്ള അമ്മയുടെ വീട്ടിലും പോകുമെന്ന് പറഞ്ഞ് പോയ ഭര്‍ത്താവിനെ കാണാതായതിനെ തുടര്‍ന്നാണ് പങ്കജിന്റെ ഭാര്യ പ്രിതി സിംഗ് അന്വേഷിക്കാന്‍ തുടങ്ങിയത്. ട്യൂഷന്‍ സെന്ററിന് സമീപത്ത് വച്ച് അയല്‍ക്കാരനായ പര്‍ദീപ് കുമാറിനോട് ഭര്‍ത്താവ് തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍ പെട്ട പ്രീതി അവരുടെ അടുത്തേയ്ക്ക് ചെല്ലുകയായിരുന്നു.  പുകവലിച്ച് നില്‍ക്കുകയായിരുന്ന പങ്കജിന്റെ മുഖത്തേയ്ക്ക് അയല്‍ക്കാരന്‍ കൂടിയായ കുമാര്‍ എന്നയാള്‍ മദ്യം തുപ്പുകയായിരുന്നു. 

ഇതോടെ മുഖത്തേയ്ക്ക് തീ പടരുകയായിരുന്നു. പെട്ടന്ന് തന്നെ തീ നെഞ്ചിലേയ്ക്കും പടര്‍ന്നു. സമീപത്തുണ്ടായിരുന്നവരും പ്രീതിയും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പങ്കജിന് ഗുരുതര പൊളഅളലേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയല്‍ക്കാരായ പര്‍ദീപ് കുമാറിനു വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.