നാല് വര്‍ഷമായി വിമതരുടെ ശക്തി കേന്ദ്രമായിരുന്ന ആലപ്പോയുടെ 75 ശതമാനവും സിറിയന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യ സൈനിക നീക്കം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പതിനായിരങ്ങളാണ് ഈ പ്രദേശങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നത്.

ആളുകള്‍ ഒഴിഞ്ഞുപോകുന്നതിനെ വിമതര്‍ തടയുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിഴക്കന്‍ ആലപ്പോയില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എത്രപേര്‍ ഇതില്‍ രക്ഷപ്പെട്ടുവെന്നോ എത്രപേര്‍ അവശേഷിക്കുന്നുണ്ടെന്നോ വ്യക്തമല്ലെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ വക്താവ് പറയുന്നു.

സര്‍ക്കാര്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നവരില്‍ നിരവധി പുരുഷന്‍മാരെയും ആണ്‍കുട്ടികളെയും കാണാതായിട്ടുണ്ടെന്നും നിര്‍ബന്ധിത തടവ്, പീഡനം, കാണാതാകല്‍ ഇതെല്ലാം വളരെ ആശങ്കയുളവാക്കുന്നുണ്ടെന്നും യു എന്‍ വ്യക്തമാക്കുന്നനു.

സാധാരണക്കാര്‍ക്ക് ഒഴിഞ്ഞുപോകാനായി യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വ്യാഴാഴ്ച പറഞ്ഞിരുന്നു. 3000 കുട്ടികള്‍ ഉള്‍പ്പെടെ 8000 പേര്‍ പോരാട്ടം നടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയെന്ന് വെള്ളിയാഴ്ച റഷ്യ വ്യക്തമാക്കി. എന്നാല്‍ സൈന്യം പ്രതിരോധം തുടരുകയാണെന്നും രാത്രിയിലും വ്യോമാക്രമണങ്ങളും റോക്കറ്റാക്രമണങ്ങളും നടത്തിയെന്നും യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു. ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളും ദിവസേന ബോംബുകള്‍ വര്‍ഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.