ദുബൈ: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ദുബൈയിലെ കേന്ദ്രങ്ങളെല്ലാം ഒക്ടോബര്‍ 26ന് അടച്ചിടും. ഉപഭോക്താക്കളുടെ ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ദുബൈയിയെ ലോകത്തെ ഏറ്റവും സന്തോഷകരമായ നഗരമായി മാറ്റുന്നതിനുവേണ്ടി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉപഭോക്താക്കളുടെ ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍വഴിയാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബര്‍ 26ാം തിയ്യതി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ അടച്ചിടുന്നത്. 

സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളും സര്‍ക്കാരിലേക്ക് അടക്കേണ്ട ഫീസും സ്മാര്‍ട്ട് ചാനല്‍വഴി മാത്രമാക്കാനാണ് ദുബൈ ധനകാര്യവകുപ്പ് ലക്ഷ്യമിടുന്നത്. പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന ദിവസം സ്മാര്‍ട്ട് ആപുകളും വെബ്‌സൈറ്റുകളും ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനാവും സേവനകേന്ദ്രങ്ങള്‍ ശ്രമിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. 

ദുബായി പൗരന്മാരുടേയും വിദേശികളുടേയും ജീവിതം കൂടുതല്‍ ആയാസരഹിതമാകുമെന്നതും മികവുറ്റതും നിലവാരമുള്ളതുമായ സേവനം ഓരോരുത്തര്‍ക്കും ലഭിക്കുമെന്നതുമാണ് പദ്ധതിയുടെ മെച്ചം. ഒക്ടോബര്‍ 26നു ശേഷം സേവന കേന്ദ്രങ്ങള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും.