അംഗസംഖ്യ ഇല്ലെങ്കിലും ഞങ്ങൾക്ക് അമിത് ഷാ ഉണ്ട്..... എന്നാണ് കർണ്ണാടകത്തിലെ അംഗസംഖ്യ 104 ആയി താഴ്ന്നപ്പോൾ ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് ഒരു തത്സമയ ചർച്ചയിൽ പ്രതികരിച്ചത്.

ദില്ലി: കര്‍ണാടകയില്‍ എത്രയും പെട്ടെന്ന് വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതി വിധി തിരിച്ചടിയാവുന്നത് എല്ലാ സംസ്ഥാനങ്ങളിലും എങ്ങനെയും അധികാരം പിടിച്ചെടുക്കുക എന്ന നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിൻറെ നയത്തിനാണ്. യെദ്യൂരപ്പ വോട്ടെടുപ്പിന് മുമ്പ് രാജി നല്കണം എന്ന് അഭിപ്രായം ഇപ്പോള്‍ തന്നെ മുതിർന്ന ബിജെപി നേതാക്കൾക്കുണ്ട്. വിശ്വാസവോട്ടെടുപ്പ് നടക്കുന്ന നാളെ ഏതറ്റം വരെ ബിജെപി പോകും എന്ന് ഉറ്റുനോക്കുകയാണ് ദേശീയ രാഷ്ട്രീയം.

അംഗസംഖ്യ ഇല്ലെങ്കിലും ഞങ്ങൾക്ക് അമിത് ഷാ ഉണ്ട്..... എന്നാണ് കർണ്ണാടകത്തിലെ അംഗസംഖ്യ 104 ആയി താഴ്ന്നപ്പോൾ ബിജെപി ജനറൽ സെക്രട്ടറി രാംമാധവ് ഒരു തത്സമയ ചർച്ചയിൽ പ്രതികരിച്ചത്. എന്നാല്‍ കര്‍ണാടകത്തിലെ കളികളിൽ ബിജെപി കേന്ദ്രനേതൃത്വത്തെ നേരിട്ട് കാണാനില്ല എന്നതാണ് സത്യം. ഗോവയിൽ അർദ്ധരാത്രി ചാർട്ടേഡ് വിമാനത്തിൽ നിതിൻ ഗഡ്കരിയെ അയച്ചതു പോലത്തെ നീക്കങ്ങളൊന്നും അമിത് ഷാ കര്‍ണാടകയില്‍ നടത്തിയില്ല. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് പോലും നരേന്ദ്രമോദിയും അമിത് ഷായും അകന്നു നിന്നു. 

യെദ്യൂരപ്പയുടെ സമ്മർദ്ദത്തിന് നേതൃത്വം വഴങ്ങി എന്നത് ശരിയാണ്. എന്നാൽ എങ്ങനെയും അധികാരം പിടിക്കുക എന്ന നരേന്ദ്രമോദി-അമിത് ഷാ നയം തന്നെയാണ് കർണ്ണാടകത്തിലും പ്രകടമായത്. എന്നാല്‍ ഭരണം പിടിക്കാന്‍ വേണ്ട സംഖ്യ തികയ്ക്കാൻ ഇതുവരെ ആയിട്ടില്ലെന്ന് മാത്രം. ഈ സാഹചര്യത്തിൽ ഇൗ കളി എവിടെ ചെന്നവസാനിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

കേവലഭൂരിപക്ഷമില്ലെന്ന് തെളിഞ്ഞാൽ യെദ്യൂരപ്പയ്ക്ക് നാളെ ഉച്ചയ്ക്കു മുമ്പ് രാജി വയ്ക്കാം. 1996-ൽ പതിമൂന്ന് ദിവസം ഭരണത്തിലിരുന്ന ശേഷം എബി വാജ്പേയി രാജിവച്ചത് ചൂണ്ടിക്കാട്ടി മുതിർന്ന നേതാക്കൾ പറയുന്നു. അല്ലെങ്കിൽ നിയമസഭയിലെ നാടകങ്ങൾക്കൊടുവിൽ സഹതാപം പിടിച്ചു പറ്റുക. കുമാരസ്വാമിയുമായി വീണ്ടും ബിജെപി ബന്ധപ്പെട്ടെന്ന അഭ്യൂഹവും ദില്ലിയിൽ പരക്കുന്നുണ്ട്. 

നിയമസഭയിൽ ബഹളമുണ്ടാക്കി വോട്ടെടുപ്പ് തടസ്സപ്പെടുത്താനാണ് ശ്രമമെങ്കിൽ വീണ്ടും പന്ത് കോടതിയുടെ കോർട്ടിലാകും. ലിംഗായത്ത് വോട്ടുബാങ്കിനെ തൃപ്തിപ്പെടുത്താൻ ഇതുവരെയുള്ള നീക്കം സഹായിക്കുമെങ്കിലും നാളെ തോറ്റാൽ തിരിച്ചടി യെദ്യൂരപ്പയ്ക്കല്ല, ബിജെപി നേതൃത്വത്തിനും നരേന്ദ്ര മോദിക്കും തന്നെയാവും.