കശ്മീര്‍ പ്രശ്നപരിഹാരത്തിനായി ശ്രീനഗറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള 29 അംഗ സര്‍വകക്ഷി സംഘം വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും പൗരസമൂഹ പ്രതിനിധികളോടും മത നേതാക്കളുമായുമാണ് ഇന്ന് സംഘം കൂടിക്കാഴ്ച നടത്തിയത്. വിഘടന വാദി നേതാക്കളുമായി സംഘം കൂടിക്കാഴ്ച നടത്തുമോ എന്നതാണ് ഇപ്പോഴും ഉയരുന്ന ചോദ്യം. കൂടിക്കാഴ്ചക്ക് ക്ഷണിച്ച് വിഘടനവാദി നേതാക്കള്‍ക്ക് ഇന്നലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി കത്ത് നല്‍കിയിരുന്നു. എന്നാല്‍ പിഡിപി അധ്യക്ഷയെന്ന നിലയിലാണ് മുഖ്യമന്ത്രി കത്ത് നല്‍കിയതെന്നും അതുകൊണ്ടുതന്നെ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നുമാണ് വിഘടനവാദി നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിഘടനവാദി നേതാക്കളെ അങ്ങോട്ട് പോയി കാണണം എന്ന് സംഘത്തിലെ ചിലര്‍ അഭിപ്രായപ്പെട്ടു.
അതേസമയം സര്‍വ കക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിനിടെ സംസ്ഥാനത്ത് പലയിടത്തും ഇന്ന് സംഘര്‍ഷങ്ങളുണ്ടായി. ഇത്തരം സംഭവങ്ങളില്‍ രണ്ട് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാളെയാണ് സംഘം കശ്മീരില്‍ നിന്ന് മടങ്ങുന്നത്.
