മൂന്നാര്‍: ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ചുള്ള അന്തിമ പട്ടിക വെള്ളിയാഴ്ച തയ്യാറാക്കും. ഇതിനായി ജില്ലാ കളക്ടര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഈ റിപ്പോര്‍ട്ടാകും ഞായറാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമര്‍പ്പിക്കുക.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഏഴാം തീയതിയാണ് ചേരുക. വന്‍കിട കയ്യേറ്റങ്ങളെക്കുറിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, ചെറുകിട കയ്യേറ്റങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഇടുക്കി കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ് ജില്ലാ ഭരണകൂടം. തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വന്‍കിട കയ്യേറ്റക്കാരുടെ പട്ടികയില്‍ മന്ത്രി എം.എം. മണിയുടെ സഹോദരന്‍ എം.എം. ലംബോദരനും പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന് ടോം സക്കറിയയും ഉള്‍പ്പെട്ടതായാണ് വിവരം. ചിന്നക്കനാലില്‍ ലംബോദരന്‍ 240 ഏക്കറും പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് 300 ഏക്കറും കയ്യേറിയെന്നാണ് റവന്യു ഉദ്യോഗസ്ഥരുടെ കണ്ടെത്തലെന്നാണ് സൂചന. ഈ റിപ്പോര്‍ട്ടുകളെല്ലാം ക്രോഡീകരിക്കുന്ന ജോലികളാണിപ്പോള്‍ നടക്കുന്നത്. അന്തിമ രൂപരേഖ അഞ്ചാം തീയതി വെള്ളിയാഴ്ചയാകും തയ്യാറാക്കുക. ഇതിനായി റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം കളക്ടറുടെ മേല്‍നോട്ടത്തില്‍ ഇടുക്കിയില്‍ ചേരും. ഈ റിപ്പോര്‍ട്ടാകും ഞായറാഴ്ച സര്‍വ്വകക്ഷിയോഗത്തില്‍ സമര്‍പ്പിക്കുക.