ദില്ലി: ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരവേ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ വൈകിട്ട് അഞ്ചിന് യോഗം ചേരുന്നത്. ചൈനയുമായുള്ള തര്‍ക്കത്തിന് പുറമെ ജമ്മുകശ്മീരിലെ സംഭവവികാസങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. 

തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ നിലവിലെ നയതന്ത്ര സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്ന് ഇന്നലെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

പാര്‍ലമെന്റില്‍ പ്രകോപനം ഒഴിവാക്കണം എന്ന് പ്രതിപക്ഷ നേതാക്കളോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കും. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് എതിരെ നടന്ന ആക്രമണത്തില്‍ ലോക്‌സഭയില്‍ ആദ്യദിനം തന്നെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.