കോഴിക്കോട്: ദിലീപിന് ജയിലില്‍ എല്ലാവിധ സഹായവും കിട്ടുന്നു എന്നത് പത്രങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണെന്ന് ജയില്‍ എഡിജിപി ശ്രീലേഖ ഐപിഎസ്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണ്. കതിരൂര്‍ മനോജ് വധക്കേസില്‍ ജയിലില്‍ കഴിയുന്നവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത് താല്‍ക്കാലികമായി മാത്രമാണെന്നും എഡിജിപി കോഴിക്കോട് പറഞ്ഞു. കോഴിക്കോട് സബ് ജയില്‍ സന്ദര്‍ശിക്കുകയായിരുന്നു അവര്‍.

അതേസമയം ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് പ്രത്യേക ഭക്ഷണവും വി ഐ പി പരിഗണനയും നല്‍കുന്നുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. മോഷണ കേസ് പ്രതിയായ സഹതടവുകാരനെ സഹായിയായി നല്‍കിയെന്നായിരുന്നു ആരോപണം. ജയില്‍ ജീവനക്കാര്‍ക്കായി പ്രത്യേകം തയാറാക്കുന്ന ഭക്ഷണമാണ് താരത്തിന് നല്‍കുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ദിലീപിന്റെ പാത്രങ്ങള്‍ കഴുകുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും സഹതടവുകാരന്റെ സഹായം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റ് തടവുകാര്‍ ഭക്ഷണം കഴിച്ചതിന് ശേഷമോ കുളിച്ചതിന് ശേഷമോ ആണ് ദിലീപ് സെല്ലിന് പുറത്തിറങ്ങാറുള്ളത്. എന്നാല്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സഹായികളെ നല്‍കാറുള്ളത്. 

 ദിലിപിന് വി ഐ പി സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്. സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് മറ്റ് തടവുകാര്‍ക്കൊപ്പം കുളിക്കാനോ ഭക്ഷണം കഴിക്കാനോ അനുവദിക്കാത്തത്. സെല്ലുകളില്‍ ഒരുമിച്ച് കഴിയുന്നവര്‍ സഹായിക്കുന്നത് പതിവാണെന്നും അധികൃതര്‍ വ്യക്തമാക്കി.