തിരുവനന്തപുരം: വിദേശനിർമ്മിത വിദേശമദ്യം സംസ്ഥാനത്ത് വിറ്റഴിക്കാൻ അനുമതി നൽകിയതിന് പിന്നിൽ വൻ അഴിമതിനടന്നെന്ന ആരോപണവുമായി പ്രതിപക്ഷം. പ്രളയത്തിന്‍റെ മറവിൽ രഹസ്യമായാണ് തീരുമാനമെടുത്തതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സർക്കാരിനെ പിടിച്ചുകുലുക്കിയ ബ്രൂവറി അഴിമതി ആരോപണത്തിന് ശേഷം പ്രതിപക്ഷം ഇന്ന് വീണ്ടും എക്സൈസ് വകുപ്പിനെതിരെ രംഗത്ത് വന്നു. വിദേശനിർമ്മിത വിദേശമദ്യം സംസ്ഥാനത്ത് വിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ കോടികളുടെ ആഴിമതിയാണെന്നാണ് ആക്ഷേപം. മന്ത്രി സഭ തീരുമാനിക്കാതെയും, മദ്യനയത്തിൽ മാറ്റം വരുത്താതെയുമാണ് പുതിയ തീരുമാനം. ബാറുകളിൽ മാത്രമല്ല, ബിയർ പാർലറുകളിലും വൈൻബിയർ വിൽപന കേന്ദ്രങ്ങളിലും വിദേശനിർമ്മിത മദ്യം വിൽക്കാനുള്ള തീരുമാനം കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണെന്നും പ്രതിപക്ഷനേതക്കൾ ആരോപിച്ചു.

17 വൻകിടിട കമ്പനികളുടെ മദ്യമാണ് കേരളത്തിൽ വിൽക്കാൻ പോകുന്നത്. ഇതിൽ രണ്ട് കമ്പനികളുടെ പേര് വിവരങ്ങൾ ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയുമാണെന്നും തീരുവഞ്ചൂർ കുറ്റപ്പടുത്തി. പ്രതിപക്ഷ ആരോപണത്തിന് ഉടൻ തന്നെ വിശദമായ മറുപടി നൽകുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.