മരുന്ന്  കൈവശമുള്ളവര്‍ പുറത്തുണ്ടെന്നും, 4000 രൂപ നല്‍കിയാല്‍ കിട്ടുമെന്നും ഡോക്ടര്‍ പറഞ്ഞുവത്രേ. പിന്നീട് ഡോക്ടര്‍ ഫോണില്‍ വിളിച്ചതനുസരിച്ച്  ഒരാള്‍ പുറത്ത് നിന്ന് എത്തി മരുന്ന് നല്‍കി.

കോഴിക്കോട്: നായയുടെ കടിയേറ്റ് മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിവര്‍ക്ക് പുറമെ നിന്ന് ഏജന്റ് വഴി മരുന്നെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. പയ്യോളിയില്‍ നിന്ന് ഇരുപതോളം പേരാണ് നായയുടെ കടിയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. 

രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് നായയുടെ കടിയേറ്റവരെ കൊണ്ടുവന്നത്. കുത്തിവയ്ക്കാന്‍ ആവശ്യമായ റാബീസ് വാക്സിന്‍ ആശുപത്രിയിലില്ലെന്നും 5000 രൂപ നല്‍കി പുറത്ത് നിന്ന് വാങ്ങണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചതായി പരിക്കേറ്റവര്‍ പറയുന്നു. മരുന്ന് കൈവശമുള്ളവര്‍ പുറത്തുണ്ടെന്നും, 4000 രൂപ നല്‍കിയാല്‍ കിട്ടുമെന്നും ഡോക്ടര്‍ പറഞ്ഞുവത്രേ. പിന്നീട് ഡോക്ടര്‍ ഫോണില്‍ വിളിച്ചതനുസരിച്ച് ഒരാള്‍ പുറത്ത് നിന്ന് എത്തി മരുന്ന് നല്‍കി. 4000 രൂപ നല്‍കി മരുന്ന് വാങ്ങിയയാള്‍ പക്ഷേ പ്രതികരിക്കാന്‍ തയ്യാറായില്ല.

അതേ സമയം സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജയകൃഷ്ണനോട് വിശദീകരണം തേടിയെന്നും മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സജീത്ത് കുമാര്‍ പറഞ്ഞു. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് കിട്ടുന്നതിലും വില കുറച്ച് മരുന്ന് എത്തിക്കാന്‍ ശ്രമിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് ഡോക്ടറുടെ പ്രാഥമിക വിശദീകരണം. പക്ഷേ ആശുപത്രിയില്‍ മരുന്ന് ക്ഷാമം ഇല്ല. സ്പെഷ്യല്‍ ബ്രാഞ്ച് വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.