കഴിഞ്ഞ നവംബര്‍ മൂന്നിനാണ് സന്തോഷ് കുമാറിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് മെറ്റാര്‍ എന്ന മരുന്ന് കിട്ടുന്നത്. ഈ മരുന്ന് രക്ത സമ്മര്‍ദ്ദം കുറക്കാനുള്ളതാണ്. മരുന്ന് പരിശോധിച്ചപ്പോള്‍ അഴുകിയ നിലയിലായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കി. സൂപ്രണ്ട് നിയോഗിച്ച അന്വേഷണ കമ്മീഷന്‍ മരുന്ന് അഴുകിയ നിലയിലാണെന്ന് കണ്ടെത്തി. ഗ്രഗ്സ് കണ്‍ട്രോളറുടെ പരിശോധനയില്‍ മരുന്നിന് ഗുണ നിലവാരമില്ലെന്നും കണ്ടെത്താനായി. ഇപ്പോള്‍ സന്തോഷിന് കാലിന് തളര്‍ച്ചയാണ്. കൂടുതല്‍ സമയം നില്‍ക്കാനോ നടക്കാനോ കഴിയുന്നില്ല.

കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പറേഷന്‍ വിതരണം ചെയ്ത മരുന്നാണിത്. മരുന്നിനെതിരെ പരാതിപ്പെട്ടതിന് നിര്‍മ്മാതാക്കളായ ഓര്‍ട്ടിന്‍ കമ്പനി പ്രതിനിധി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് പറയുന്നു. ഈ കമ്പനിയെ പിന്നീട് കരിമ്പട്ടികയില്‍പെടുത്തിയിട്ടുണ്ട്. അന്നത്തെ മുഖ്യന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ നീതികിട്ടിയില്ലെന്ന് സന്തോഷ് കുമാര്‍ പറയുന്നു. ഇപ്പോള്‍ വിജിലന്‍സിന് പരാതി നല്‍കിയിരിക്കുകയാണ് അദ്ദേഹം.