ദില്ലി: ലക്‌നൗവിലെ ഒരു മെഡിക്കല്‍ കോളേജിന് അംഗീകാരം കിട്ടാന്‍ ഒറീസ ഹൈക്കോടതിയിലെ റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയും ആരോപണങ്ങള്‍ ഉയരാന്‍ കാരണമായത്. ദീപക് മിശ്രയുടെ ഉത്തരവുകള്‍, റിട്ട. ജഡ്ജി ഇടനിലക്കാരുമായി നടത്തുന്ന സംഭാഷണം ശരിവെക്കുന്നതായി ആരോപണം ഉയര്‍ന്നു.
പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിസിന്റെ കീഴിലുള്ള ലക്‌നൗവിലെ മെഡിക്കല്‍ കോളേജിന് 2017 - 2018 വര്‍ഷത്തേക്ക് അംഗീകാരം കിട്ടാനായി നടന്ന നീക്കങ്ങളിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ആരോപണം നേരിട്ടത്. ഈ കേസില്‍ റിട്ട. ഒറീസ ഹൈക്കോടതി ജഡ്ജി ഐ.എം.ഖുദ്ദൂസി, മധ്യസ്ഥനായ വിശ്വനാഥ് അഗര്‍വാള്‍, പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിലെ ബിപി യാദവ് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ നടത്തുന്ന സംഭാഷണത്തില്‍ മുകളില്‍ നിന്ന് വരം കിട്ടണമെങ്കില്‍ പ്രസാദം നല്‍കണം എന്ന് പറയുന്നുണ്ട്.
ഈ സംഭാഷണത്തെ സാധൂകരിക്കുന്ന തരത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് പ്രസാദ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ ഹര്‍ജിയില്‍ മെഡിക്കല്‍ കോളേജിന് അനുകൂലമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചു എന്നാണ് ആരോപണം. 2017 ഓഗസ്റ്റ് 1 ന് കോളേജിന് അംഗീകാരം നല്‍കില്ലെന്ന എം.സി.ഐയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. അതിനെതിരെ കേന്ദ്രം രംഗത്തുവന്നപ്പോള്‍ ഓഗസ്റ്റ് 24ന് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ചു. 201718 വര്‍ഷത്തില്‍ പ്രവേശന അനുമതി നല്‍കാനായില്ലെങ്കിലും 2018 - 19 വര്‍ഷത്തില്‍ ആ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം ചൂണ്ടിക്കാട്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷനും കാമിനി ജയ്‌സ്വാളുമാണ് സുപ്രീംകോടതിയിലെത്തിയത്. കേസ് ഈ അഭിഭാഷകര്‍ സുപ്രീംകോടതി ചട്ടങ്ങള്‍ മറികടന്ന് കോടതിയില്‍ നേരിട്ട് ഉന്നയിച്ചു. അത് അംഗീകരിച്ച് ജസ്റ്റിസ് ചലമേശ്വര്‍ കേസ് ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ആ ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഏഴംഗ ഭരണഘട ബെഞ്ച് രൂപീകരിച്ച് അസാധാരണ നടപടിയിലൂടെ റദ്ദാക്കി. പിന്നീട് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഈ കേസ് തള്ളുകയും ചെയ്തു. ഇതോക്കെയാണ് സുപ്രീംകോടതിയിലെ ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ക്ക് കാരണം.
