2015ലെ ഓഡിറ്റിംഗില്‍ കണ്ടെത്തിയ തിരിമറികള്‍ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഇടപെട്ട് പൂഴ്ത്തിയതിന് ഒപ്പം തിരിമറി കണ്ടെത്തിയ അസിസ്റ്റന്റ് ഡയറക്ടറെ നാല് ദിവസം കൊണ്ട് സ്ഥലം മാറ്റി. കൃത്രിമങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതിന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്ന് 2015ല്‍ ഓഡിറ്റിംഗ് നടത്തിയ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണകുമാരിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

2014-15 ലെ ഓഡിറ്റിംഗില്‍ മാവേലിക്കര സഹകരണ ബാങ്കിന്റെ തഴക്കര ശാഖയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. പക്ഷേ തിരിമറികള്‍ പുറത്ത് കൊണ്ടുവരാന്‍ ശ്രമിച്ച അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണകുമാരിയമ്മയെ ക്രമക്കേട് കണ്ടെത്തി നാല് ദിവസത്തിനുള്ളില്‍ മന്ത്രി ഇടപെട്ട് സ്ഥലം മാറ്റി.

ഉത്തരവാദിത്വം പുതിയ ഉദ്യോഗസ്ഥന് കൈമാറുന്‌പോള്‍ കണ്ടെത്തിയ തിരിമറികള്‍ കൃഷ്ണകുമാരിയമ്മ അക്കമിട്ട് നിരത്തി വകുപ്പിനെ അറിയിച്ചു. പിന്നെ നേരിട്ടത് കടുത്ത ഭീഷണികള്‍.

വധ ഭീഷണി നേരിടുന്നുണ്ടെന്ന് മാവേലിക്കര സഹകരണ ബാങ്ക് സെക്രട്ടറി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും പുറത്ത് വരുന്നത്.