അഞ്ചു പേർക്കെതിരെയും മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നാഗ്പൂർ: പശുസംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് സംഘർഷാവസ്ഥകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, പശു ഇറച്ചി കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ. കാറിൽ കടത്താൻ ശ്രമിച്ച പത്തു കിലോ മാംസമാണ് നാഗ്പൂർ പൊലീസ് പിടിച്ചെടുത്തത്. അറസ്റ്റിലായവരിൽ ചൈനക്കാരും ഉൾപ്പെടുന്നു. ജനുവരി 18ന് മഹാരാഷ്ട്രയിലെ ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘത്തെ പൊലീസ് പടികൂടിയത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55), ലു വെങ് ചുങ്(51), ലു വോങ് കോങ്(53) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റിലായ ചൈനക്കാർ ഗുംഗാവിലെ മാംഗനീസ് ഖനിയില്‍ ടെക്‌നീഷ്യന്മാരാണ്. സംഘത്തിൽ നിന്നും പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിൽ പരിശോധനക്കായി ലാബിൽ അയച്ചിരുന്നു. തുടർന്നാണ് ഇത് പശുവിന്റെ മാംസമാണെന്ന് തിരിച്ചറിഞ്ഞത്. അഞ്ചു പേർക്കെതിരെയും മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇവരെ ഫെബ്രുവരി 14 വരെ സാവ്‌നെര്‍ കോടതി റിമാൻഡ് ചെയ്തു. അതേസമയം ലിങ് ചു ചുങ്ങിനെ ശാരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ലി ചു ചുങ്, ലു വെങ് ചുങ്, ലു വോങ് കോങ് എന്നിവര്‍ ചൈന കോള്‍ ഇന്ത്യയിലെ ജീവനക്കാർ കൂടിയാണ്.
