ആലപ്പുഴ: ഛത്തീസ്ഗഡില്‍ മരിച്ച സിആര്‍പിഎഫ് ജവാന്‍ ഹരിപ്പാട് സ്വദേശി അനിലിന്റെ കുടുംബത്തോട് സര്‍ക്കാരിന്റെ അവഗണന. ജവാന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് വീടും നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മൂന്നുമാസമായിട്ടും ഒന്നും ലഭിച്ചില്ല. അഴുകിയ നിലയിലായിരുന്നു അനിലിന്റെ
മൃതദേഹം നാട്ടിലെത്തിച്ചത്. ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കതിരെ നടപടി ഉണ്ടാകുമെന്നും പറഞ്ഞെങ്കിലും എല്ലാം വാഗ്ദാനത്തില്‍ ഒതുങ്ങിയെന്ന് അനിലിന്റെ ഭാര്യ ലിനിയും ബന്ധുക്കളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹരിപ്പാട് സ്വദേശിയായ അനില്‍ അച്ചന്‍ കുഞ്ഞെന്ന സി.ആര്‍.പി.എഫ് ജവാന്‍ മാര്‍ച്ചിലാണ് ജോലിസ്ഥലത്ത് മരണമടഞ്ഞത്. കുടിവെള്ളടാങ്കില്‍ തലയിടിച്ചാണ് മരിച്ചതെന്നായിരുന്നു സി.ആര്‍.പി.എഫിന്റെ ഔദ്യോഗിക വിശദീകരണം. അഴുകിയ നിലയിലായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്. ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് കുറ്റക്കാര്‍ക്കെതിരെ അന്വേഷിച്ച് നടപടിയെടുക്കുമെന്നും കുടുംബത്തെ സഹായിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല.

അനിലിന്റെ ഭാര്യ ലിനിക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് അന്തിയുറങ്ങാന്‍ ഒരു വീടും നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞു. വാഗ്ദാനം നടത്തിയവര്‍ കയ്യൊഴിഞ്ഞു. അനിലിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ബാങ്കില്‍ നിന്ന് എടുത്ത വായ്പ പോലും തിരിച്ചടയ്‌ക്കാന്‍ കഴിയുന്നില്ല. ഇക്കാലമത്രയും രാജ്യത്തെ സേവിച്ച അനിലിന്റെ കുടുംബത്തെ ആരെങ്കിലും സഹായിക്കണമെന്നും അനിലിന്റെ ഭാര്യ ലിനി പറഞ്ഞു.