അലോക് വർമ്മ റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് തേടിയത് കൊണ്ടാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് രാഹുൽ ആരോപിച്ചു. 

ദില്ലി: സിബിഐ ഡയറക്ടർ അലോക് വർമ്മയെ സ്ഥാനത്ത് നിന്ന് മാറ്റിയത് റഫാൽ 'ഫോബിയ' കാരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അലോക് വർമ്മ റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോർട്ട് തേടിയത് കൊണ്ടാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് രാഹുൽ ആരോപിച്ചു. രാജസ്ഥാനിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം, അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് കാരണം റഫാൽ അന്വേഷണത്തെ അട്ടിമറിക്കാനാണെന്നും അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരുന്നതിന് വേണ്ടിയുള്ള നിയമനടപടി ക്രമങ്ങൾ സ്വീകരിക്കുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും അറിയിച്ചിരുന്നു. ഇന്നലെ രാത്രി രണ്ട് മണിക്കാണ് അലോക് വര്‍മ്മയെ മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെയായിരുന്നു പ്രശാന്ത് ഭൂഷന്റെ വാദം.

അലോക് വര്‍മയെ ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് മാറ്റിയത്. തുടർന്ന് രാഗേഷ് അസ്താനയോട് അവധിയില്‍ പോകാൻ പറയുകയും എന്‍. നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തു. സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.

അതേസമയം സിബിഐ ഡയറക്ടര്‍ ചുമതലകളിൽ നിന്ന് നീക്കിയ തീരുമാനത്തിനെതിരെ അലോക് വർമ്മ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. 2017 ലാണ് അലോക് വര്‍മ ദില്ലി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ഡിബിഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തുന്നത്. ഇതിനെതിരെ സ്പെഷ്യൽ ഡയറക്ടറായിരുന്നു അസ്താന പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള ചേരിപ്പോര് നിയന്ത്രണാധീതമാകുകയായിരുന്നു.