ന്യൂഡല്‍ഹി: ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. ലഫ്.ഗവർണർ പദവിയിലാണ് നിയമനം . നാല്‍പ്പത് വർഷമായി പഞ്ചാബ് ഗവർണറാണ് അഡ്മിനിസ്ട്രേറ്റർ ചുമതല വഹിച്ചിരുന്നത് . തനിക്കു ലഭിച്ച വലിയ അംഗീകാരമെന്ന് അൽഫോൺസ് കണ്ണന്താനം . ഉടൻതന്നെ ചുമതലയേൽക്കുമെന്ന് കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിലവിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗമാണ് കണ്ണന്താനം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവിന് ലഭിക്കുന്ന ഉന്നത പദവിയാണിത്.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പഞ്ചാബ് ഗവര്‍ണര്‍മാരായിരുന്നു ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ പദവി കൂടി വഹിച്ചിരുന്നത്. ഈ രീതിക്ക് മാറ്റംവരുത്തിയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പദവി നല്‍കിയിരിക്കുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പൊതു തലസ്ഥാനമാണ് ചണ്ഡീഗഡ്. ഇത് കേന്ദ്രഭരണ പ്രദേശം കൂടിയാണ്.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ കണ്ണന്താനം ജോലി രാജിവെച്ച് സി.പി.ഐ.എം ടിക്കറ്റില്‍ മല്‍സരിച്ച് എം.എല്‍.എ ആയിരുന്നു. പിന്നീട് അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയായിരുന്നു. നിതിന്‍ ഗഡ്കരി ബി.ജെ.പി അധ്യക്ഷനായിരിക്കെ അദ്ദേഹം മുന്‍കൈ എടുത്താണ് കണ്ണന്താനത്തെ പാര്‍ട്ടിയിലെത്തിച്ചത്.