തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറാഭ്രമം ലോകം മുഴുവന്‍ പ്രസിദ്ധമാണെങ്കിലും ഇത്തവണ പണി കിട്ടിയത് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്. 

ഓഖി ദുരന്ത ബാധിതതരെ ആശ്വസിപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്യാമറാമാന്‍മാര്‍ക്ക് സൗകര്യമൊരുക്കാനാണ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ച് മാറ്റിയത്. 

ജനങ്ങളുടെ ദുരിതം കേള്‍ക്കുന്ന മോദിയെ മറച്ച് ക്യാമറയ്ക്ക് മുന്നില്‍ കയറി നിന്നതോടെയാണ് സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടത്. ഇതോടെ അതുവരെ നിന്നിടത്തുനിന്ന് മോദിയുടെ ഇടത് ഭാഗത്തേക്ക് മാറി നില്‍ക്കുകയും ചെയ്തു കണ്ണന്താനം. 

രണ്ട് തവണ പറഞ്ഞിട്ടും മാറാന്‍ തയ്യാറാകാത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ പിടിച്ച് മാറ്റുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.