തിരുവനന്തപുരം: കടലില്‍ നിന്നും രക്ഷപ്പെട്ടുവന്നത് അത്ഭുതമാണെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രോഗികള്‍ക്ക് നല്ല ചികിത്സയും പരിചരണവുമാണ് ഇവിടെ നിന്നും ലഭിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വൃത്തിയുടേയും വെടുപ്പിന്റേയും സൗന്ദര്യത്തിന്റേയും കാര്യത്തില്‍ മന്ത്രി മെഡിക്കല്‍ കോളേജിനെ പ്രത്യേകം അഭിനന്ദിച്ചു. പുതുക്കിപ്പണിത പതിനൊന്നാം വാര്‍ഡില്‍ കിടക്കുന്ന രോഗികളെ സന്ദര്‍ശിക്കവേ ത്രീസ്റ്റാര്‍ സൗകര്യമുണ്ടെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ഇത് മാതൃകയാണെന്നും ഇങ്ങനെയായിരിക്കണം സര്‍ക്കാര്‍ ആശുപത്രികളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബിജോണ്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.