കൊച്ചി: കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫ് സാഹിബിന്റെ മെഡിക്കല്‍ രജിസ്‍ട്രേഷന്‍ ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി. ഷാജഹാന്‍ നല്‍കിയിരിക്കുന്ന രജിസ്റ്റര്‍ നമ്പറില്‍ മറ്റൊരു ഡോക്ടര്‍ ഉണ്ടെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കണ്ടെത്തി. അതേസമയം, തന്റെ ഭാഗം കേള്‍ക്കുകയോ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുകയോ ചെയ്യാതെയുള്ള നടപടിക്കെതിരെ നിയമനടപടി സ്വകരിക്കുമെന്ന് ഷാജഹാന്‍ യൂസഫ് സാഹിബ് വ്യക്തമാക്കി .

കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫ് സാഹിബിന്റെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ പൊരുത്തക്കേടുകളുണ്ടെന്ന് ഐഎംഎയുടെ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിശദ പരിശോധനകള്‍ക്കായി പരാതി ട്രാവന്‍ കൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സിലിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും പരാതി നല്‍കിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെ വിശദ പരിശോധനയില്‍ ഷാജഹാന്‍ നല്‍കിയിട്ടുള്ള രജിസ്‍ട്രേഷന്‍ നമ്പറില്‍ മറ്റൊരു വനിത ഡോക്ടര്‍ ഉണ്ടെന്ന് കണ്ടെത്തി.

ഷാജഹാന്റെ വിദ്യാഭ്യാസ യോഗ്യത അടക്കം തെളിയിക്കുന്ന ഒരു രേഖകകളും എങ്ങുമില്ലെന്നും ബോധ്യപ്പെട്ടു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മറുപടി കൂടി ലഭിച്ചശേഷമാണ് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഷാജഹാന്‍റെ മെഡിക്കല്‍ രജിസ്‍ട്രേഷന്‍ റദ്ദാക്കിയത്. ഷാജഹന്റെ രജിസട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതാണോ എന്ന പരാതിയില്‍ പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.