ആലുവ: മൂന്ന് മാസമായി വ്യാപാരിയെ ബുദ്ധിമുട്ടിച്ച സാമൂഹ്യവിരുദ്ധനെ ഒടുക്കം സിസിടിവി ക്യാമറ കുടുക്കി. ആലുവാ ജില്ലാ ആശുപത്രിക്കവലെ രാജുവിന്റെ കടയില്‍ മൂന്ന് മാസമായി മൂത്രം ഒഴിച്ചു കൊണ്ടിരുന്ന ആളെയാണ് ഒടുവില്‍ സിസിടിവ ക്യാമറ സ്ഥാപിച്ച് കണ്ടെത്തിയത്.
കുറച്ചു കാലമായി കടതുറക്കാനെത്തുമ്പോള്‍ മൂത്രത്തിന്റെ രൂക്ഷ ഗന്ധം കടയില്‍ അനുഭവപ്പെട്ടാറുണ്ടായിരുന്നുവെന്ന് രാജു പറയുന്നു. കടയ്ക്ക് മുന്നിലെ ഓടയില്‍ നിന്ന് ഗന്ധമെത്തുന്നതെന്നാണ് ആദ്യം കരുതിയത്. പിന്നീട് മനസ്സിലായി കടയ്ക്കു മുന്നില്‍ നിന്നാണെന്ന്. മുന്‍വശത്തെ ഷട്ടര്‍ തുരുമ്പു പിടിച്ചതോടെ കഴിഞ്ഞയാഴ്ച അതും മാറ്റി. മൂത്രമൊഴിക്കുന്നതാരാണെന്ന് കണ്ടെത്താന്‍ രാജു തീരുമാനിച്ചു. കടയ്ക്കു മുന്നില്‍ സിസിടിവി സ്ഥാപിച്ചു.
ദൃശ്യങ്ങളില്‍ കണ്ടതിങ്ങനെയാണ്. രാത്രി പത്തുമണിയോടെ കുപ്പിയില്‍ മൂത്രവുമായി കടയ്ക്കുമുന്നില്‍ ഒരാളെത്തുന്നു. കടത്തിണ്ണയിലും ഷട്ടറിലും മൂത്രം തളിയ്ക്കുന്നു. അവിടവിടെയായി കിടക്കുന്ന മാലിന്യങ്ങളും കടയ്ക്കു മുന്നില്‍ വലിച്ചിടുന്നു. ദൃശ്യങ്ങള്‍ കിട്ടിയതോടെ കടയുടമ പൊലീസില്‍ പരാതി നല്‍കി. ആളെക്കുറിച്ച് സൂചന ലഭിച്ചെന്നും വൈകാതെ കസ്റ്റഡിയിലാവുമെന്നാണ് ആലുവാ പൊലീസ് പറയുന്നത്.
