പ്രതികൾക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡിൽ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്.

കൊല്ലം: കരുനാ​ഗപ്പള്ളിയിലെ ​ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി. പ്രതികൾക്ക് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പ്രതികൾക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡിൽ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്. 

അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം സംഘത്തിൻ്റെ ഭീഷണി ഉണ്ടെന്ന് ഇൻ്റലിജൻസിൻ്റെയും സ്പെഷ്യൽ ബ്രാഞ്ചിൻ്റെയും മുന്നറിയിപ്പ് ലഭിച്ചി‌ട്ടുണ്ട്. ഏറ്റുമുട്ടൽ സാധ്യത കണക്കിലെടുത്താണ് കടത്തൂർ ഗുണ്ടാസംഘത്തെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയിരിക്കുന്നത്. ജിം സന്തോഷ് വധക്കേസിലെ പ്രതികൾ ഉൾപ്പെടെയാണ് ജില്ലാ ജയിലിൽ കഴിയുന്നത്. തോട്ട രാജപ്പൻ എന്ന രാജീവ് അടക്കം വയനകം സംഘത്തിലെ 6 പേരാണ് ജയിലിയുള്ളത്. വൻ സുരക്ഷയിലാണ് അലുവ അതുൽ കൊലപാതക കേസിലെ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചത്.