അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ പിടിച്ചെടുത്ത് ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭയിൽ ചരിത്രവിജയം നേടി. തോൽവിക്ക് പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത രൂക്ഷമാവുകയും ഭരണകൂടത്തിൽ മാറ്റങ്ങൾക്ക് സാധ്യത തെളിയുകയും ചെയ്തു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരെ എതിർപ്പ് ശക്തമാണെങ്കിലും ട്രംപ് പിന്തുണ തുടരുകയാണ്.
വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ ചരിത്രവിജയം കൂടുതൽ ശക്തമാകുന്നു. ജനപ്രതിനിധിസഭയിൽ 250 സീറ്റുകൾ കടന്ന ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് 41 സീറ്റുകൾ പിടിച്ചെടുത്തു. ട്രംപ് ഭരണകൂടത്തിന്റെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ കാലം അവസാനിച്ചെന്ന് സ്പീക്കർ സ്ഥാനാർഥി ഹക്കീം ജെഫ്രീസ് പറഞ്ഞു. ലോസ് ആഞ്ചലസിൽ മലയാളിയായ നിത്യ രാമനും ചരിത്രവിജയം നേടി. അതേസമയം, തോൽവിക്ക് പിന്നാലെ റിപ്പബ്ലിക്കൻ നേതൃത്വത്തിലും ഭിന്നത രൂക്ഷമായി.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ട്രംപ് ഭരണകൂടത്തിൽ അടിമുടി മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്. സ്ഥാനമൊഴിയുന്ന കാര്യം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആലോചിക്കുന്നെന്നാണ് സൂചന. വൈറ്റ് ഹൗസ് വൃത്തങ്ങളുമായി റൂബിയോ സംസാരിച്ചെന്നും ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രാജി വാർത്ത വൈറ്റ് ഹൗസും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ശക്തമായി നിഷേധിച്ചു.
ഇതിനിടെ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെതിരെ ശക്തമായ വികാരം റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉയരുകയാണ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനെ മാറ്റുമെന്ന സൂചനകൾ വരുന്പോഴും ശക്തമായ പിന്തുണയുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. അതേ സമയം ഇറാനെ സമ്പൂർണമായി നശിപ്പിക്കണമെങ്കിൽ തനിക്ക് അതിനാകുമെന്ന് ആവർത്തിക്കുകയാണ് ട്രംപ്. എന്ത് വേണമെന്ന് ഉടൻ തീരുമാനിക്കുമെന്നും ട്രംപ് പറയുന്നു.




