Asianet News MalayalamAsianet News Malayalam

ആൽവാർ ആള്‍ക്കൂട്ട കൊലപാതകം; സാക്ഷികൾക്ക് നേരെ വെടിവെപ്പ്

രാജസ്ഥാനിലെ ബെഹ്റോറിലാണ് സംഭവം. കറുത്ത സ്‌കോര്‍പിയോയിലെത്തിയ അജ്ഞാത സംഘം പെഹ്‍ലു ഖാന്റെ മക്കളും കേസിലെ മറ്റ് സാക്ഷികളും സഞ്ചരിച്ച വാഹനം പിന്തുടരുകയ‌ും ഇവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. കേസിൽ സത്യവാങ്മൂലം നൽകാൻ പോകും വഴിയായിരുന്നു ആക്രമം.

Alwar lynching case Witnesses fired at  while going to depose
Author
Alwar, First Published Sep 29, 2018, 7:56 PM IST

ആൽവാർ : പശുവിനെ കടത്തിയെന്നാരോപിച്ച് ആൽവാറിൽ പെഹ്‍ലു ഖാനെന്ന കര്‍ഷകനെ ഗോസംരക്ഷകർ അടിച്ചുകൊന്ന കേസിലെ സാക്ഷികൾക്ക് നേരെ വെടിവെപ്പ്. രാജസ്ഥാനിലെ ബെഹ്റോറിലാണ് സംഭവം. കറുത്ത സ്‌കോര്‍പിയോയിലെത്തിയ അജ്ഞാത സംഘം പെഹ്‍ലു ഖാന്റെ മക്കളും കേസിലെ മറ്റ് സാക്ഷികളും സഞ്ചരിച്ച വാഹനം പിന്തുടരുകയ‌ും ഇവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. കേസിൽ സത്യവാങ്മൂലം നൽകാൻ പോകും വഴിയായിരുന്നു ആക്രമം.
 
കേസിലെ സാക്ഷികളായ അസ്മതും റഫീക്കും പെഹ്‍ലു ഖാന്റെ മക്കളായ ഇർഷാദും ആരിഫും സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നെത്തിയ സംഘം വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അവർ ഉപയോഗിച്ചിരുന്ന വാഹനത്തിന് നമ്പർ പ്ലെയ്റ്റ് ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ ഞങ്ങൾ വാഹനം നിർത്താൻ കൂട്ടാക്കിയില്ല. ഈ സമയം ഞങ്ങളുടെ അടുത്തെത്തിയ അവർ വെടിയുതിർക്കുകയായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് ഇവരുടെ അഭിഭാഷകൻ ആസാദ് ഹയാത്ത് പറയുന്നു. പിന്നീട് മറ്റൊരു വഴിയിലൂടെയാണ്  അൽവാറിലെ എസ് പി ഓഫീസിൽ എത്തിയതെന്നും ആസാദ് ഹയാത്ത് കൂട്ടിച്ചേർ‌ത്തു.

ജീവന് ഭീഷണിയുള്ളതിനാലും പോലീസിൽ നിന്ന് മതിയായ സംരക്ഷണം ലഭിക്കാത്തതിനാലും സാക്ഷികൾ ഹരിയാനക്കടുത്ത് നൂഹിലാണുള്ളത്. എഫ്ഐആറിൽ പേരുള്ള ആറുപേർക്കും പൊലീസ് ക്ലീൻ ചീട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് നേരിട്ട് എസ്‍പിയെ സമീപിച്ചതെന്ന് പെഹ്‍ലു ഖാന്റെ മകൻ ഇർഷാദ് പറഞ്ഞു. അതേസമയം പൊലീസിന് ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അൽവാർ എസ്‍പി രജേന്ദ്ര സിങ് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് അക്രമവിവരം അറിഞ്ഞത്. അവർ പൊലീസിനെ സമീപിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ എപ്രിലിലാണ് ഗോസംരക്ഷകരെന്ന പേരിലെത്തിയ ആക്രമിസംഘം 55 കാരനായ പെഹ്‍ലു ഖാനെ മർദ്ദിച്ച് കൊന്നത്. രാജസ്ഥാനിൽ നിന്ന് കന്നുകാലികളെ വാങ്ങി ഹരിയാനക്ക് പോകും വഴിയായിരുന്നു ആക്രമണം. അസ്മതും റഫീക്കും പെഹ്‍ലു ഖാന്റെ മക്കളായ ഇർഷാദും ആരിഫും ഈ സമയം പെഹ്‍ലു ഖാനൊപ്പമുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച ട്രക്ക് തടഞ്ഞു നിർത്തി നടുറോഡിൽ വച്ചാണ് പെഹ്‍ലു ഖാനെ മർദ്ദിച്ചത്. 
 

Follow Us:
Download App:
  • android
  • ios