മരണം സംഭവിച്ചത് പൊലീസ് കസ്റ്റഡിയിലെന്ന് സമ്മതിച്ച് ആഭ്യന്തരമന്ത്രി
ജയ്പൂര്‍: അൽവാറിൽ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിന് ഇരയായ റക്ബര്‍ ഖാൻ മരിച്ചത് പൊലീസ് കസ്റ്റഡിയിലെന്ന് ഏറ്റുപറഞ്ഞ് രാജസ്ഥാൻ സര്‍ക്കാര്‍. കേസിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ ഫലപ്രദമായ നടപടിയെടുക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകളോട് വീണ്ടും നിര്‍ദേശിച്ചു.
പൊലീസ് കസ്റ്റഡിലാണ് രക്ബര്‍ ഖാൻ മരിച്ചതെന്ന് രാജസ്ഥാൻ അഭ്യന്തരമന്ത്രി ജി.സി കട്ടാരിയായണ് സമ്മതിച്ചത്. സമയത്ത് ആശുപത്രിയിലെത്തിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റി . നാലു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുത്തത് . അതേ സമയം ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജയുടെ പേര് പറഞ്ഞായിരുന്നു ആക്രമണം എന്ന് രക്ബർ ഖാനൊപ്പമുണ്ടായിരുന്ന അസ്ലം മൊഴി നൽകി.
എംഎൽഎ ഞങ്ങൾക്കൊപ്പമുണ്ട്. ആർക്കും ഒന്നും ചെയ്യാനാവില്ല. രക്ബർ ഖാനെ തീയിടൂ. ഇങ്ങനെ ആൾക്കൂട്ടം വിളിച്ചുപറഞ്ഞു എന്നാണ് മൊഴി. എന്നാൽ തനിക്കെതിരെ പൊലീസ് കള്ളമൊഴിയുണ്ടാക്കുന്നുവെന്നാണ് എം.എല്‍.എയുടെ ആരോപണം. അൽവാര്‍ കൊലപാതകം പ്രതിപക്ഷം ലോക്സഭയിൽ ഉന്നയിച്ചു.
പിന്നാലെയാണ് ആള്‍ക്കൂട്ട ആക്രമണം തടയാൻ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടത്. ഇതിനിടെ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാൽ ആള്‍ക്കൂട്ട കൊലപാതകവും അവസാനിക്കുമെന്ന വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ രംഗത്തെത്തി. ഇതിനെ പിന്തുണച്ച് യുപി ഷിയ വഖഫ് ബോർഡ് ചെയർമാൻ വസീം റിസ്വിയും രംഗത്തെത്തി.
