സ്ഥലം എംഎൽഎയ്ക്കും പങ്കെന്ന് മൊഴി
ദില്ലി: അൽവാർ ആൾക്കൂട്ട കൊലപാതകം ലോക്സഭയിൽ ഉയർത്തി പ്രതിപക്ഷം. ആക്രമണങ്ങൾ തടയുന്നതൽ കേന്ദ്രം പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം സ്ഥലം എംഎൽഎയ്ക്കും ആക്രമണത്തിൽ പങ്കുണ്ടെന്ന്, പരിക്കേറ്റയാൾ മൊഴി നൽകി.
രക്ബർ ഖാന്റെ കൊലപാതകത്തിൽ പൊലീസിന്റെ പങ്ക് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാക്കൾ വിഷയം ഉന്നയിച്ചത്. കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് ഉന്നതല അന്വേഷണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ആൾക്കൂട്ട ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രത്യേക നിയമത്തിനായി മന്ത്രിതല സമിതി രൂപീകരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രആഭ്യന്തര മന്ത്രിയുടെ പ്രതിരോധം
രക്ബർ ഖാനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ കൂടുതൽ പൊലീസുകാർക്കെതിരെ രാജസ്ഥാൻ സർക്കാർ നടപടിയെടുത്തു. മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി. ഇന്നലെ എഎസ്ഐയെ സസ്പെന്റ് ചെയ്തിരുന്നു. അക്രമികളെ അനൂകൂലിച്ച് ആദ്യം രംഗത്തെത്തിയ ഗ്യാൻ ദേവ് അഹൂജയാണ് പ്രദേശത്തെ എംഎൽഎ.
എംഎൽഎ ഞങ്ങൾക്കൊപ്പമുണ്ടെന്നും ആർക്കും ഒന്നും ചെയ്യാനാവില്ലെന്നും ആൾക്കൂട്ടം വിളിച്ചുപറഞ്ഞു എന്നാണ് രക്ബർ ഖാനൊപ്പമുണ്ടായിരുന്ന അസ്ലമിന്റെ മൊഴി. പൊലീസ് അസ്ലമിനെ കൊണ്ട് കള്ളമൊഴി പറയിപ്പിക്കുന്നുവെന്നാണ് ബിജെപി എംഎൽഎയുടെ പ്രതികരണം. നടുക്കവും ദേഹമാസകലമുള്ള മാരകമായ മുറിവുകളുമാണ് രക്ബർ ഖാന്റെ മരണത്തിന് കാരണമെന്നാണ് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
