ചെന്നൈ: ദേശീയ പുരസ്‌കാരങ്ങള്‍ താന്‍ തിരിച്ചുനല്‍കാന്‍ പോകുന്നുവെന്ന പ്രചരണത്തിന് മറുപടിയുമായി നടന്‍ പ്രകാശ് രാജ്. കഴിവിന് ലഭിച്ച അംഗീകാരങ്ങള്‍ തിരിച്ചുനല്‍കാന്‍ മാത്രം വിഡ്ഡിയല്ല താനെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

ഗൗരി ലങ്കേഷ് വധത്തിലടക്കമുളള പ്രധാനമന്ത്രിയുടെ മൗനത്തില്‍ അസ്വസ്ഥനാണെന്നും അദ്ദേഹംപറഞ്ഞു. മുഖ്യമന്ത്രിയാണോ പൂജാരിയാണോ എന്ന് മനസ്സിലാകാത്ത വിധത്തില്‍ യുപി മുഖ്യമന്ത്രി അഭിനയിക്കുന്ന വീഡിയോ കണ്ടു. എനിക്ക് കിട്ടിയ അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ നല്ല നടനായ അദ്ദേഹത്തിന് നല്‍കാന്‍ തയ്യാറാണെന്നും പ്കാശ് രാജ് പറഞ്ഞു.

ബെംഗളൂരുവില്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനവേദിയിലായിരുന്ന പ്രകാശ് രാജിന്റെ പരാമര്‍ശം. തന്നേക്കാള്‍ മികച്ച നടനായ യു.പി മുഖ്യമന്ത്രിക്ക് കൈവശമുളള അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്. യോഗി മാത്രമല്ല നരേന്ദ്രമോദിയും നല്ല നടനാണ്. അദ്ദേഹം അഭിനയിക്കുന്നത് ആരും മനസ്സിലാക്കുന്നില്ലെന്നാണോ കരുതുന്നത്. 

ഒരു നടനായ തനിക്കത് എളുപ്പം കഴിയും. പ്രകാശ് രാജിന്റെ വാക്കുകള്‍ പക്ഷേ വാര്‍ത്തയായത് വേറെ വഴിക്കാണ്. ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ അദ്ദേഹം തിരികെ നല്‍കുന്നു എന്ന് ദേശീയമാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ നാടകങ്ങള്‍ വീണ്ടുമെന്ന ഹാഷ്ടാഗ് വന്നു.. ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്തായിരുന്ന പ്രകാശ് രാജ് അവരുടെ കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറെന്ന് സൂചിപ്പിക്കുന്ന വിമര്‍ശനങ്ങള്‍ നേരത്തെയും നടത്തിയിരുന്നു.