ആലപ്പുഴ: തല്‍സമയ ചിത്രരചനയില്‍ വേഗത കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് രാകേഷ് അന്‍സേര എന്ന കലാകാരന്‍. രാകേഷിന്റെ മുന്നിലെത്തുന്ന ഏത് മുഖവും ഞൊടിയിടക്കുള്ളില്‍ കൃത്യതയാര്‍ന്ന കാരിക്കേച്ചറുകളായി മാറും. ആദ്യമൊക്കെ പത്തും പതിനഞ്ചും മിനിട്ടുകള്‍ എടുത്തായിരുന്നു കാരിക്കേച്ചര്‍ പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ട് മിനിട്ടുകള്‍ക്കുള്ളില്‍ കണ്‍മുന്നില്‍ കാണുന്നവയെല്ലാം ചിത്രങ്ങളാക്കും.
ആലപ്പുഴ ആറാട്ടുവഴി എസ്എസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നാണ് ഫൈന്‍ ആര്‍ട്‌സില്‍ രാകേഷ് ഡിപ്ലോമ നേടിയത്. പിതാവായ ഗിരി അന്‍സേരയും ചിത്രകാരനും ചരിത്രകാരനുമായിരുന്നു. കാരിക്കേച്ചര്‍ കൂടാതെ ജലഛായത്തിലും പെയിന്റിംഗിലും കാര്‍ട്ടൂണിലും രാഗേഷ് ചിത്രരചനയുടെ വ്യത്യസ്ത ഭാവങ്ങള്‍ തീര്‍ക്കാറുണ്ട്. ആലപ്പുഴ ലിയോ തേര്‍ട്ടീത്ത് സ്‌കൂളിലെ ഡ്രോയിംഗ് അധ്യാപകനായ രാകേഷ് തന്റെ ബാഗില്‍ കടലാസും മാര്‍ക്കറും കരുതും. ദിവസവും കുട്ടികളുമായി സംവദിക്കാനാകുന്നതാണ് രാകേഷിന്റെ തത്സമയ ചിത്രരചനയ്ക്ക് മാസ്മരികത നേടാന്‍ കഴിഞ്ഞത്.

ദിവസവും പത്ത് കുട്ടികളുടെയെങ്കിലും വ്യത്യസ്ത കാരിക്കേച്ചര്‍ മുടങ്ങാതെ വരയ്ക്കുന്നതും രാകേഷിന്റെ ചിത്രരചനയുടെ വേഗതകൂട്ടി. ഇപ്പോള്‍ ഏത് ആള്‍ക്കൂട്ടത്തില്‍ നിന്നും എത്രയാളുകളുടേയും കാരിക്കേച്ചര്‍ വേണമെങ്കിലും നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കാന്‍ രാകേഷിന് സാധിക്കും. തത്സമയ ചിത്രരചനയുടെ ഭാഗമായി രാകേഷ് നിയമസഭയിലെത്തി അംഗങ്ങളുടെ ചിത്രം വരച്ചിരുന്നു. തന്റെ വൈഭവം കണ്ടറിഞ്ഞ് പലരും ചിത്രരചനയ്ക്കും ക്ലാസുകള്‍ക്കുമായി രാകേഷന്റെ ക്ഷണിക്കാറുണ്ട്. ആലപ്പുഴയിലെ നെഹ്രുട്രോഫി വള്ളംകളി പോലുള്ള ആഘോഷങ്ങളില്‍ തത്സമയ ചിത്രരചനയുമായി രാകേഷിന്റെ സാന്നിദ്ധ്യമുണ്ട്.
21 വര്‍ഷമായി കലാരംഗത്തും 13 വര്‍ഷമായി കാര്‍ട്ടൂണ്‍ രംഗത്തും സജീവമായ രാകേഷ് കേരള കാര്‍ട്ടൂണ്‍ അക്കാദമി എക്‌സിക്യൂട്ടീവ് അംഗമാണ്. ബെഫിയുടെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌ക്കാരം രാകേഷിന് ലഭിച്ചിട്ടുണ്ട്. 2014-15 ലെ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ലോഗോ തയ്യാറാക്കിയത് രാകേഷ് ആയിരുന്നു. 2009 ലെ കേരള ഹൈക്കോടതി സ്‌പോട്ട് കാരിക്കേച്ചറിലും 2014 ലെ കൊച്ചിന്‍ ബിനാലേയിലും രാകേഷിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.

'101 അന്‍സേര കാര്‍ട്ടൂണ്‍ പ്രദര്‍ശനം' എന്ന പേരില്‍ ആലപ്പുഴയിലെ വിവിധ വായനശാലകളിലും കലാസാംസ്‌ക്കാരിക കേന്ദ്രങ്ങളിലും ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയിലും രാകേഷിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രകലയുടെ വിവിധ മേഖലകളില്‍ രാകേഷ് ശ്രദ്ധപതിപ്പിച്ചിട്ടുണ്ടെങ്കിലും ആള്‍ക്കൂട്ടത്തില്‍ ചെന്ന് തത്സമയ കാരിക്കേച്ചര്‍ വരയ്ക്കുന്നതിനാണ് കൂടുതല്‍ താല്‍പ്പര്യം കണ്ടെത്തിയിരിക്കുന്നത്. പൂന്തോപ്പ് വാര്‍ഡില്‍ വീടിനോട് ചേര്‍ന്ന് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അന്‍സേര എന്ന പേരില്‍ കുട്ടികള്‍ക്കായി ചിത്രരചന ക്ലാസും നടത്തുന്നുണ്ട്. അമ്മ: രമണി, ഭാര്യ: രമ്യ, മകള്‍: നന്ദന ആര്‍ അന്‍സേര.
