ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി ഡ്രൈവറുടെ രോഷപ്രകടനം

തൃശൂര്‍: ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയ രോഗിയെ സ്ട്രെച്ചറില്‍ തലകീഴായി നിര്‍ത്തി ഡ്രൈവറുടെ രോഷം. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം.

പാലക്കാട് നിന്ന് രോഗിയുമായി എത്തിയതാണ് ആംബുലൻസ്. രോഗിക്കൊപ്പം ആരുമില്ലായിരുന്നു. ഡ്രൈവറുടെ പരാക്രമത്തില്‍ രോഗിയുടെ ദേഹത്ത് പലയിടത്തും മുറിവുണ്ട്. ആംബുലൻസ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ ഉടൻ വണ്ടിയില്‍ നിന്ന് പുറത്തിറങ്ങാൻ ഡ്രൈവര്‍ രോഗിയോട് ആവശ്യപ്പെട്ടു. പക്ഷെ ഒറ്റയ്ക്ക് എഴുന്നേറ്റ് ഇരിക്കാൻ പോലും ആകാത്ത അവസ്ഥയിലായിരുന്നു രോഗി. ഡ്രൈവര്‍ കാണിച്ച പരാമക്രമത്തിന്‍റെ ദൃശ്യങ്ങള്‍ അവിടെ കൂടിനിന്നിരുന്നവരിലൊരാളാണ് പകര്‍ത്തിയത്.

ഡ്രൈവര്‍ സ്ട്രെച്ചര്‍ പുറത്തേക്കെടുത്ത് ഒരു ഭാഗം തലകീഴായി വെച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ വിളിക്കാൻ പോയി. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പ് കിടന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍, രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു മറുപടി. ഡ്രൈവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ചില രോഗികള്‍ ചേര്‍ന്ന് ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.