കണ്ണൂര്‍: സി.പി.എം സമ്മേളനത്തില്‍ പ്രചാരണ വാഹനമായി ആംബുലന്‍സ് ഉപയോഗിച്ചത് വിവാദമാകുന്നു. പാനൂര്‍ ഏരിയാ സമ്മേളന പ്രചാരണത്തിനാണ് അനൗണ്‍സ്‍മെന്റ് വാഹനമായി മറച്ചുകെട്ടി ആംബുലന്‍സ് ഉപയോഗിച്ചത്. ആംബുലന്‍സ് ഉപയോഗിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സി.പി.എം വിശദീകരണം.

സി.പി.എം പാനൂര്‍ ഏരിയാ സമ്മേളനമെന്ന് ബോര്‍ഡുകള്‍ സ്ഥാപിച്ച വാഹനമാണിത്. മുകളിലെ ലൈറ്റ് വരെ മുഴുവന്‍ ബോര്‍ഡുകള്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നു. എന്നാല്‍ മുകളില്‍ നിന്നുള്ള കാഴ്ച്ചയില്‍ ആംബുലന്‍സ് എന്നെഴുതിയത് വ്യക്തമായി കാണാം. ചമ്പാട് നിന്നും ചെണ്ടയാട് വരെയുള്ള ബൈക്ക് റാലിക്ക് അകമ്പടിയായാണ് ഈ വാഹനം ഉപയോഗിച്ചത്. രോഗികളെയും മൃതദേഹങ്ങളും കൊണ്ടുപോകുന്നതിന് മാത്രമേ ആംബുലന്‍സ് ഉപയോഗിക്കാവൂ എന്നാണ് ചട്ടം. ഇതാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം 5000 രൂപ വരെ പിഴ ഈടാക്കാവുന്നതോ, മറ്റു നടപടികള്‍ക്കോ ഇടയുള്ള കുറ്റമാണിത്. എന്നാല്‍ ട്രാവലറാണ് ഉപയോഗിച്ചതെന്നും, ആംബുലന്‍സ് ഉപയോഗിച്ചതായി അറിയില്ലെന്നുമാണ് സി.പി.എം ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. നടപടികള്‍ക്ക് അധികൃതര്‍ ഇതുവരെ തയാറായിട്ടുമില്ല.