കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസ് അന്വേഷണത്തിനായി ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമുണ്ടെന്നും അതിനു പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നുമുള്ള അപേക്ഷ പരിഗണിച്ചാണു പൊലീസ് കസ്റ്റഡി അനുവദിച്ചത്. ഈ മാസം 30 വരെയാണ് അമീറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

അമീറിന്റെ സഹോദരന്‍ ബദറുള്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത് ഒഴിവാക്കാന്‍ പ്രതിയുടെ മുഖം മറയ്ക്കാന്‍ അനുവദിക്കണമെന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. മുഖം മറച്ചായിരിക്കും തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ക്കായി പ്രതിയെ കൊണ്ടുപോവുക.

ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ജിഷയുടെ അയല്‍വാസിയായ വീട്ടമ്മ അമീര്‍ ഉള്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞിരുന്നു. ജിഷയുടെ വീട്ടില്‍നിന്നു കൊല നടന്ന ദിവസം യുവാവ് കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായി ഇവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.