Asianet News MalayalamAsianet News Malayalam

കൂട്ടുപ്രതിയില്ല; ജിഷയെ കൊന്നത് അമീറുല്‍ ഇസ്ലാം ഒറ്റയ്ക്ക്

ameerul islam alone killed jisha says police
Author
First Published Jun 25, 2016, 5:15 AM IST

കൊലപാതകത്തിന് ശേഷം ജിഷയുടെ വീട്ടില്‍ നിന്ന് മറ്റൊരാളുടെ വിരലടയാളം കൂടി പൊലീസിന് ലഭിച്ചിരുന്നു. ഇത് പ്രതി അമീറുല്‍ ഇസ്ലാമിന്റേതല്ലെന്ന് വ്യക്തമായതോടെ കൊലപാതകത്തില്‍ പങ്കുള്ള ഒരു കൂട്ടുപ്രതിയുടെ സാന്നിദ്ധ്യം പൊലീസ് സംശയിച്ചു. എന്നാല്‍ കൊലപാതകം നടന്ന ദിവസം നാട്ടുകാരും പൊലീസുകാരുമടക്കം നിരവധി പേര്‍ ജിഷയുടെ വീട്ടില്‍ കടന്നുവെന്നും ഇവരില്‍ ആരുടെയെങ്കിലുമാവാം ഈ വിരലടയാളമെന്നുമാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. ഇതുവരെയുള്ള തെളിവെടുപ്പും പ്രതിയുടെയും സാക്ഷികളുടെയും മൊഴികളും അടിസ്ഥാനപ്പെടുത്തി പരിശോധിക്കുമ്പോള്‍ പ്രതി അമീറുല്‍ ഇസ്ലാം ഒറ്റയ്ക്ക് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായതായും പൊലീസ് പറയുന്നു.

പ്രതി ജിഷയുടെ വീട്ടിലെത്തിയ ശേഷം എങ്ങനെ കൊലപാതകം നടത്തിയെന്നത് സംബന്ധിച്ച വ്യക്തമായ വിവരം തങ്ങള്‍ക്ക് ലഭിച്ചെന്നും പൊലീസ് പറയുന്നു. ജിഷയുടെ ശരീരത്തിലെ 38ഓളം മുറിവുകള്‍, ശ്വാസതടസ്സം എന്നിങ്ങനെ വിവിധ കാരണങ്ങള്‍കൊണ്ടാണ് ജിഷയുടെ മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ചിനും എട്ടിനും ഇടയിലാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പൊലീസിന് ലഭിച്ച മറ്റൊരു വിദഗ്ദ ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട് പ്രകാരം വൈകുന്നേരം അഞ്ചിനും 5.30നും ഇടയ്ക്കാണ് മരണം സംഭവിച്ചത്. ഇതിന് കാരണമായത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുമാണ്. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ആറു ദിവസത്തെ ചോദ്യം ചെയ്യലിലൂടെ പ്രതിയില്‍ നിന്ന് പൊലീസിന് ലഭിച്ചത്.

വൈകുന്നേരം അഞ്ച് മണിയോടെ വീട്ടിലെത്തിയ പ്രതി, വീടിന്റെ പിന്‍വാതിലിനടുത്ത് നിന്ന ജിഷയെ അകത്തേക്ക് തള്ളിയിടുകയായിരുന്നു. വാതിലടച്ച ശേഷം ജിഷയെ കടന്നുപിടിക്കാന്‍ ശ്രമിച്ചു. ജിഷ പ്രതിരോധിച്ചപ്പോള്‍ കൈയ്യിലുണ്ടയിരുന്ന കത്തികൊണ്ട് കഴുത്തില്‍ കുത്തി. ശേഷം വഴിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ ജിഷ വെള്ളം ചോദിച്ചപ്പോള്‍ വായിലേക്ക് മദ്യംഒഴിച്ചുകൊടുത്തു. എന്നാല്‍ അബോധാവസ്ഥയിലുള്ള ഒരാളുടെ വായിലേക്ക് മദ്യം ഒഴിച്ചുകൊടുത്താല്‍ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടാകുമോയെന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ മദ്യം ഒഴിച്ചുകൊടുത്ത ശേഷമാണ് ജിഷയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതെന്നും പിന്നെയും അര മണിക്കൂറോളം ഹൃദയം പ്രവര്‍ത്തിച്ചിരുന്നെന്നുമാണ് ഇപ്പോള്‍ വിദഗ്ദരുടെ സഹായത്താല്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios