ദില്ലി: ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വിവാദവ്യസ്ഥകളിൽ ഭേദഗതി വരുത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ആയുഷ് ഡോക്ടർമാർക്ക് ബ്രിഡ്ജ് കോഴ്സ് പാസായാൽ അലോപതി ചികിത്സ നടത്താം എന്ന വ്യവസ്ഥയാണ് നീക്കിയത്. ഫൈനൽ ഇയർ എംബിബിഎസ് പരീക്ഷ നെക്സ്റ്റ് പരീക്ഷ എന്ന പേരിൽ ഒറ്റ അഖിലേന്ത്യാ പരീക്ഷയാക്കാനുള്ള നിർദ്ദേശമാണ് പുതിയ ബില്ലിലുള്ളത്. പാര്‍ലമെന്‍റ് സ്ഥിരം സമിതിയുടെ ശുപാര്‍ശയിലാണ് കേന്ദ്ര മന്ത്രിസഭായുടെ തീരുമാനം.  

വിവാദമായ ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിൽ അഞ്ചു മാറ്റങ്ങൾ വരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ബ്രിഡ്ജ് കോഴ്സിനുള്ള വ്യവസ്ഥ എടുത്തു കളഞ്ഞു. ആയുഷ് ഡോക്ടർമാർക്ക് ബ്രിഡ്ജ് കോഴ്സ് പാസായി ഒരു പരിധി വരെ അലോപതി ചികിത്സ നടത്താം എന്ന നിർദ്ദേശമാണ് വേണ്ടെന്ന് വച്ചത്. എംബിബിഎസ് പാസായ ശേഷം പ്രാക്ടീസ് തുടങ്ങാൻ നെക്സ്റ്റ് പരീക്ഷ എന്ന പേരിൽ ഒരു ടെസ്റ്റു കൂടി പാസ്സാകണം എന്ന നിർദ്ദേശത്തിൽ മാറ്റം വരുത്തി. ഇതിനു പകരം എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികളുടെ ഫൈനൽ ഇയർ എംബിബിഎസ് പരീക്ഷ അഖിലേന്ത്യാ തലത്തിൽ പൊതു പരീക്ഷയാക്കും.

നാഷണൽ എക്സിറ്റ് ടെക്സറ്റ് അഥവാ നെക്സ്റ്റ് എന്ന പേരിലുള്ള ഈ അഖിലേന്ത്യാ പരീക്ഷ വിജയിച്ചാൽ എംബിബിഎസ് ബിരുദം കിട്ടും. വീണ്ടുമൊരു ടെസ്റ്റ് എഴുതേണ്ടതില്ല. സ്വകാര്യ മെഡിക്കൽ കോളേജുകളിലും കൽപിത സർവ്വകലാശാലകളിലും സർക്കാർ നിയന്ത്രണമുള്ള സീറ്റുകളുടെ എണ്ണം 40 ശതമാനമെന്ന വ്യവസ്ഥയാണ് നേരത്തെ ബില്ലിൽ ഉണ്ടായിരുന്നത്. ഇത് 50 ശതമാനമാക്കി. ചട്ടം ലംഘിക്കുന്ന കോളേജുകളിൽ നിന്ന് ഫീസിൻറെ പത്തിരട്ടി വരെ പിഴ ഈടാക്കും എന്ന വ്യവസ്ഥ മാറ്റി വിവിധ ശിക്ഷാ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി. വ്യാജ ഡോക്ടർമാർക്ക് ഒരു വർഷം വരെ തടവും 5 ലക്ഷം പിഴയും ശിക്ഷയ്ക്കുള്ള നിർ‍ദ്ദേശവും ബില്ലിലുണ്ട്. വ്യാജ ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം വരെ തടവിനും അഞ്ച് ലക്ഷം വരെ പിഴയ്ക്കും വ്യവസ്ഥ.

മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും മഹാ പഞ്ചായത്ത് ഉൾപ്പടെ സംഘടിപ്പിച്ച് ശക്തമായ സമരവുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. കടുകെണ്ണ ഒഴികെയുള്ള എല്ലാ ഭക്ഷ്യ എണ്ണകളുടെയും കയറ്റുമതിക്ക് മന്ത്രിസഭ അനുമതി നല്കി. സർവ്വശിക്ഷാ അഭിയാൻ ഉൾപ്പടെ മൂന്ന് പദ്ധതികൾ കൂട്ടിയോജിപ്പിച്ച് രണ്ടു വർഷത്തേക്ക് 75000 കോടിയുടെ ഒറ്റ സ്കൂൾ വിദ്യാഭ്യാസപദ്ധതി നടപ്പാക്കാനും തീരുമാനിച്ചു.