വാഷിങ്ടണ്‍: അമേരിക്കയിലെ ലാസ് വെഗസിലെ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 58 ആയി. 515 പേര്‍ക്ക് പരിക്കേറ്റു. അക്രമിയായ ലാസ് വേഗാസ് സ്വദേശി സ്റ്റീവന്‍ പാഡോക്കിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഭീകരാക്രമണം അല്ലെന്ന് എഫ്ബിഐ അറിയിച്ചു.

മാന്‍ഡലെ ബേ കാസിനോയിലെ സംഗീത പരിപാടിക്കിടെ പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് വെടിവയ്പുണ്ടായത്. ഹോട്ടലിന് പുറത്ത് നടന്ന സംഗീത പരിപാടി കാണുന്നവരെ 
കെട്ടിടത്തിന്റെ മുപ്പത്തിരണ്ടാം നിലയില്‍ നിന്ന് അക്രമി വെടിവയ്ക്കുകയായിരുന്നു. അഞ്ച് മിനിട്ടോളം വെടിവയ്പ് നീണ്ടു നിന്നതായാണ് വിവരം. എന്താണ് സംഭവിക്കുന്നതെന്ന് ബോധ്യപ്പെടുന്നതിന് മുന്‍പേ തന്നെ ഹോട്ടല്‍ മുറ്റം ചോരക്കളമായി. 

തുരുതുരാ വെടിവയ്പിന്റെ ശബ്ദം കേട്ടതോടെ മുപ്പതിനായിരത്തോളം വരുന്ന കാണികള്‍ ചിതറിയോടി. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും വാഹനങ്ങളിലുമായി ഓടിയൊളിച്ചു. അധികം വൈകാതെ അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഇയാള്‍ ലാസ് വേഗാസ് സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഒരാള്‍ മാത്രമാണ് വെടിവയ്പിന് പിന്നിലെന്നാണ് നിഗമനം. 
എന്നാല്‍ അക്രമിയോടൊപ്പം ഒരു ഏഷ്യന്‍ യുവതി ഉണ്ടായിരുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. എന്താണ് അക്രമത്തിന് കാരണമെന്നും വ്യക്തമായിട്ടില്ല, പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.