ന്യുയോര്‍ക്ക്: പാകിസ്ഥാന് തീവ്രവാദികളെ വളര്‍ത്തുന്നതിന്‍റെ വലിയ ചരിത്രമുണ്ടെന്ന് യുഎന്നിലെ മുന്‍ യുഎസ് സ്ഥാനപതി നിക്കി ഹാലെ. ആ സ്വഭാവം മാറ്റുന്നത് വരെ അമേരിക്കയില്‍ നിന്ന് പാകിസ്ഥാന് ഒരു ഡോളറിന്‍റെ പോലും സഹായങ്ങള്‍ നല്‍കരുതെന്ന് ഹാലെ വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം പാകിസ്ഥാനുള്ള സഹായങ്ങള്‍ ബുദ്ധിപരമായി വെട്ടിച്ചുരുരുക്കിയിരിക്കുകയാണ്. പാകിസ്ഥാന് സഹായങ്ങള്‍ നല്‍കുമ്പോള്‍ അവര്‍ അത് തീവ്രവാദം വളര്‍ത്താനാണ് അവര്‍ ഉപയോഗിക്കുന്നത്.

അത് മാറുന്നത് വരെ അവര്‍ക്ക് ഇനി ഒരുതരത്തിലുള്ള സഹായങ്ങള്‍ നല്‍കാന്‍ പാടില്ലെന്നു ഹാലെ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം അവസാനം വരെ യുഎന്നിലെ യുഎസ് സ്ഥാനപതിയായിരുന്നു ഹാലെ. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ അമേരിക്ക ശക്തമായി രംഗത്ത് വന്നിരുന്നു.

ഭീകര സംഘടനകൾക്കുള്ള സഹായം നിർത്തണമെന്ന് അമേരിക്ക പാക്കിസ്ഥാനോട്  ആവശ്യപ്പെടുകയും ചെയ്തു. തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്നാണ് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടണ്‍ വ്യക്തമാക്കിയത്. പുൽവാമ ഭീകരാക്രമണത്തെ  തുടർന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ അപകടകരമായ സാഹചര്യമാണ് നില നിൽക്കുന്നതെന്ന് ഡൊണാള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു.