ലക്‌നൗ: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശനം പ്രഖ്യാപിച്ചു. അടുത്ത ആഴ്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുക.
സംഗീത് സോമിന്റെ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ മുഖം മിനുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗിയുടെ തിടുക്കത്തിലുള്ള സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗ്രയിലെ ടൂറിസം സാധ്യതകളെ കുറിച്ച് പഠിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് യോഗിയുടെ സന്ദര്‍ശനമന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
നേരത്തെ ഗവണ്‍മെന്റ് പുറത്തുവിട്ട യു.പിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ്മഹലിനെ ഉള്‍പ്പെടുത്താതിരുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഗീത് സോമിന്റെ വിവാദ പരാമര്‍ശം എത്തിയത്.
ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമായ താജ്മഹലിന് എന്ത് ചരിത്ര പാരമ്പര്യമാമാണ് അവകാശപ്പെടാനുള്ളതെന്നും, താജ്മഹല്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ആ ചരിത്രം നമ്മള്‍ ഇല്ലാതാക്കുമെന്നുമായിരുന്നു സംഗീത് സോം പറഞ്ഞത്.
