ലോക്സഭാ തെരഞ്ഞെടുപ്പ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താനുള്ള സാധ്യത ബിജെപി ഇതുവരെ തള്ളിയിട്ടില്ല

ദില്ലി:കർണ്ണാടകത്തിൽ കാലിടറിയ ബിജെപി മെല്ലെ കളത്തിൽ നിന്ന് പിൻവാങ്ങുന്നു. ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ശ്രമിക്കില്ലെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഒരഭിമുഖത്തിൽ വ്യക്തമാക്കി. സർക്കാർ സ്വയം താഴെ വീഴും. 15 ദിവസം കിട്ടിയിരുന്നെങ്കിൽ എംഎൽഎമാർ ജനവികാരം മനസിലാക്കി മനസ്സുമാറ്റുമായിരുന്നെന്നും അമിത് ഷാ പറഞ്ഞു. 

അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ് നീക്കം തുടങ്ങി. ജനതാദൾ എസിനെ ഒപ്പം കൂട്ടിയ കോൺഗ്രസ് കൂടുതൽ പ്രാദേശിക പാർട്ടികളുമായി സഖ്യചർച്ചകൾ നടത്തും. സഖ്യത്തിൻറെ നേതൃത്വം കോൺഗ്രസിനു തന്നെ വേണമെന്ന് പാർട്ടി നേതാവ് ദ്വിഗ്വിജയ് സിംദ് ആവശ്യപ്പെട്ടു. ദേശീയ താല്പര്യം മുൻനിറുത്തിയുളള വിട്ടുവീഴ്ചയാണ് കർണ്ണാടകത്തിൽ ചെയ്തതെന്ന വാദവുമായി ലോക്സഭയിലെ നേതാവ് മല്ലികാർജ്ജുന ഖർഗെയും രംഗത്തു വന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താനുള്ള സാധ്യത ബിജെപി ഇതുവരെ തള്ളിയിട്ടില്ല. അതിനാൽ പ്രാദേശിക സഖ്യങ്ങൾക്കുള്ള നീക്കത്തിന് അടുത്ത വർഷം വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിനുള്ളിലെ അഭിപ്രായം.