1947 മുതല്‍ 1967 വരെ മുഖ്യഎതിരാളിയായ കോണ്‍ഗ്രസ് രാജ്യം ഭരിച്ചെന്നും ഇനി ആ ചരിത്രം ആവര്‍ത്തിക്കേണ്ടത് ബിജെപിയാണെന്നും അമിത് ഷാ

ദില്ലി: 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചാല്‍ പിന്നെ അടുത്ത അന്‍പത് വര്‍ഷത്തേക്ക് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നുമിറക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. 

ഞായറാഴ്ച്ച നടന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ അമിത്ഷാ ഇങ്ങനെ പറഞ്ഞകാര്യം ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഠിനാദ്ധ്വാനം കാരണം ബിജെപി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നും പിന്നെ അടുത്ത അന്‍പത് വര്‍ഷത്തേക്ക് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും ഇറക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. 

ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന 1947 മുതല്‍ 1967 വരെ മുഖ്യഎതിരാളിയായ കോണ്‍ഗ്രസ് രാജ്യം ഭരിച്ചെന്നും ഇനി ആ ചരിത്രം ആവര്‍ത്തിക്കേണ്ടത് ബിജെപിയാണെന്നും പാര്‍ട്ടിയുടെ വിജയത്തിന് ആഹ്വാനം ചെയ്തു കൊണ്ട് അമിത്ഷാ ചൂണ്ടിക്കാട്ടി.