ദില്ലി: ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗാളിലെ ദുര്‍ഭരണം വെളിവാക്കപ്പെടും എന്ന് ഭയന്നാണ് മമത യാത്ര നിരോധിച്ചതെന്ന് അമിത് ഷാ ആരോപിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബി ജെ പി മുന്നേറ്റം മമത ബാനര്‍ജിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ബിജെപിയുടെ കുതിപ്പ് ഭയന്നാണ് അവര്‍ റാലിക്ക് അനുമതി നിഷേധിച്ചതെന്ന് അമിത് ഷാ ആരോപിക്കുന്നു. ജനാധിപത്യത്തെ തകര്‍ക്കുകയാണ് അവര്‍. എന്നാല്‍ ഇതുകൊണ്ടൊന്നും ബിജെപിയെ തടയാന്‍ ആര്‍ക്കുമാവില്ല. രഥയാത്ര എന്ത് വന്നാലും നടത്തിയിരിക്കും. ആര് വിചാരിച്ചാലും ഞങ്ങളെ തടയാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ബംഗാളില്‍ റാലി നടത്താനുള്ള അമിത് ഷായുടെ നീക്കങ്ങളെ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതി വിലക്കിയിരുന്നു. ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കോടതി ഇത്തരമൊരു നീക്കം നടത്തിയത്. അതേസമയം, ബംഗാള്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ബി ജെ പി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ് ഷായുടെ റാലിയെന്നാണ് മമത ആരോപിക്കുന്നു.