ഭുുബനേശ്വര്‍: അടുത്ത ഒരു വര്‍ഷത്തെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗം നിര്‍ദ്ദേശം നല്‍കി. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അമിത് ഷാ പറഞ്ഞു.

ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിനെത്തിയ പ്രധാനമന്ത്രിക്ക് വന്‍വരവേല്‍പ്പാണ് ഭുവനേശ്വറില്‍ കിട്ടിയത്.പതിനായിരങ്ങള്‍ മോദിയുടെ റോഡ് ഷോ കാണാനെത്തി. മോദിയുടെ ജനപ്രീതിയാണ് ഉത്തര്‍പ്രദേശില്‍ ഉജ്ജ്വലവിജയം സമ്മാനിച്ചതെന്ന് അമിത് ഷാ പറഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ബിജെപി ഈ മാസം തുടങ്ങും.

ഇതിനായി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ 95 ദിവസത്തെ ഭാരതപര്യടനം നടത്തും. 15 ദിവസമെങ്കിലും ബിജെപിയുടെ എല്ലാ നേതാക്കളും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിന് നീക്കി വയ്‌ക്കും. അടുത്ത ഒരു വര്‍ഷത്തില്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് പാവപ്പെട്ടവരുടെ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ ഉണ്ടാക്കണം എന്ന നിര്‍ദ്ദേശമാണ് കരട് രാഷ്‌ട്രീയപ്രമേയത്തില്‍ ഉള്ളത്.