യെദ്യൂരപ്പയെ വേദിയിലിരുത്തി സെല്‍ഫ് ഗോള്‍ ബിജെപിക്ക് തിരിച്ചടിയായി അമിത് ഷായുടെ നാക്കുപിഴ

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയായി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നാക്കുപിഴ. തിരഞ്ഞെടുപ്പ് തന്ത്രം മിനയുന്നതിനായി ബംഗളൂരുവിലെത്തിയ അമിത്ഷ് വാര്‍ത്താ സമ്മേളനത്തിനിടെ ബിജെപി നേതാവ് യെദ്യൂരപ്പയെ അഴിമതിക്കാരനാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതിനിടെ ബിജെപി നേതാവ് യെദ്യൂരപ്പയുടെ പേര് വച്ചായിരുന്നു ആക്ഷേപം.

കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്ക് പകരമാണ് അമിത് ഷാ യെദ്യൂരപ്പയുടെ പേര് പരാമര്‍ശിച്ചത്. യെദ്യൂരപ്പയെ വേദിയിലിരുത്തിയാണ് അമിത്ഷാ ഇത് പറഞ്ഞത്. അബദ്ധം മനസിലാക്കി ഉടനെ തെറ്റ് തിരുത്തിയെങ്കിലും പത്രസമ്മേളനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കള്ളം പറയുന്ന അമിത് ഷാ ഒടുവില്‍ സത്യം പറഞ്ഞു എന്ന അടിക്കുറുപ്പോടെ സിദ്ധരാമയ്യ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.