കോര്‍കമ്മിറ്റിയോഗത്തില്‍ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായാണ് അമിത്ഷാ വിമര്‍ശിച്ചത്

തിരുവനന്തപുരം: സ്ഥാനങ്ങള്‍ നല്‍കിയിട്ടും സംസ്ഥാന ബിജെപിയുടെ പ്രവര്‍ത്തനം പോരെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിമര്‍ശനം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും 10 സീറ്റ് വേണമെന്നും ഷാ തിരുവനന്തപുരത്ത് നേതൃയോഗത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റിനെ കുറിച്ചുള്ള ചര്‍ച്ച ഉണ്ടായില്ല. 

കേന്ദ്രത്തില്‍ അധികാരമുണ്ടെങ്കിലും കേരളത്തിന് വേണ്ട പരിഗണന കിട്ടുന്നില്ലെന്നായിരുന്നു സംസ്ഥാന ബിജെപി നേതാക്കളുടെ ഇതുവരെയുള്ള പരാതി. എന്നാല്‍ ഇപ്പോള്‍ ഗവര്‍ണ്ണര്‍, എം.പിമാര്‍ ഒക്കെയുണ്ട്. പക്ഷേ പ്രവര്‍ത്തനം പോരാ. കോര്‍കമ്മിറ്റിയോഗത്തില്‍ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായാണ് അമിത്ഷാ വിമര്‍ശിച്ചത്. കേന്ദ്രം നിശ്ചയിക്കുന്ന പാര്‍ട്ടി പരിപാടികളൊന്നും സമയബന്ധിതമായി തീര്‍ക്കുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാറിനോട് അനുകൂല നിലപാടുള്ള ജാതി-മത വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാനുമായില്ല. 

സംസ്ഥാനത്തിന്‍റെ ചുമതലയുള്ള അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷിന് നേതാക്കളെ ഒരുമിപ്പിച്ച് കൊണ്ടുപോകാനായില്ലെന്നും ഷാ വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സന്തോഷിനൊപ്പം ദേശീയ സെക്രട്ടറി മുരളീധര്‍റാവുവിനും കേരളത്തിന്റെ പ്രത്യേക ചുമതല ഉണ്ടാകും. മിഷന്‍ 10 സീറ്റാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം. സംസ്ഥാനത്ത് അധികാരത്തിലെത്തും വരെ പ്രവര്‍ത്തകര്‍ വിശ്രമിക്കരുതെന്ന് ബൂത്ത് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തില്‍ ഷാ പറഞ്ഞു. പ്രസിഡന്റിന്റെ കാര്യത്തില്‍ സംസ്ഥാന നേതാക്കളുമായി ഷാ അനൗദ്യോഗിക ചര്‍ച്ച നടത്താനിടയുണ്ട്. ആര്‍എസ്എസ് നേതാക്കളെയും കാണുന്നുണ്ട്.