നരേന്ദ്രമോദി സൈനികരുടെ രക്തത്തിന്റെ ദല്ലാളാകാന്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയാണ് പുതിയ വിവാദത്തിലെത്തിയത്. കോണ്‍ഗ്രസിന്റെ അടിസ്ഥാന മൂല്യങ്ങള്‍ എന്തെന്ന് തെളിയിക്കുന്നതാണ് രാഹുലിന്റെ തരംതാണ പ്രസ്താവനയെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. രാഹുല്‍ഗാന്ധിയുടെ അഭിപ്രായം കോണ്‍ഗ്രസിന്റ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലത്തെ പ്രസ്താവനക്ക് വിശദീകരണവുമായി രാഹുല്‍ ഗാന്ധി ഇന്ന് രംഗത്തെത്തി. മിന്നലാക്രമണത്തെ പൂര്‍ണ്ണമായും പിന്തുണക്കുന്നുവെന്നും എന്നാല്‍ സൈനികരുടെ ചിത്രങ്ങള്‍ രാഷ്‌ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെയാണ് വിമര്‍ശിച്ചതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

അമിത് ഷാ കോണ്‍ഗ്രസിനെ മൂല്യങ്ങള്‍  പഠിപ്പിക്കേണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ മറുപടി നല്‍കി. സൈന്യത്തെ രാഷ്‌ട്രീയ വത്ക്കരിക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായമെന്നും കബില്‍ സിബല്‍ പറഞ്ഞു. ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും രാജ്യ സുരക്ഷക്കുവേണ്ടി പ്രധാനമന്ത്രി എടുക്കുന്ന എത് തീരുമാനത്തെയും പിന്തുണക്കണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആവശ്യപ്പെട്ടു. മിന്നലാക്രമണത്തിന് തെളിവ് ചോദിച്ച് കെജ്‍രിവാള്‍ നേരത്തെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.