2015 ജനുവരി 18 മുതല്‍ മാര്‍ച്ച് 28 വരെയുള്ള കാലയളവില്‍ മഹാരാഷ്ട്ര റവന്യൂ വകുപ്പ് മന്ത്രി ഏക്‌നാഥ് ഖഡ്‌സെ കറാച്ചിയിലുള്ള അധോലോക തലവന്‍ ദാവൂദ് ഇബ്രാഹിമായി ഏഴ് തവണ ഫോണില്‍ സംസാരിച്ചുവെന്ന ആരോപണത്തില്‍ ബിജെപിയും സംസ്ഥാന സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുമ്പോഴാണ് ഖഡ്‌സെ ഭൂമി തട്ടിപ്പ് നടത്തിയെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.

ഏപ്രില്‍ ഇരുപത്തിയേഴിന് പൂണെക്കടുത്ത് ഭോസാരിയില്‍ ഖഡ്‌സെയുടെ ഭാര്യ മന്ദാകിനിയും മരുമകന്‍ ഗിരീഷ് ചൗധരിയും മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നല്‍കി മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി മുപ്പത്തിയൊന്ന് കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി കാണിച്ചതാണ് വിവാദമായത്. തുടര്‍ച്ചയായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഖഡ്‌സെയുടെ രാജി വെക്കണമെന്ന് ആവശ്യം പാര്‍ട്ടിക്കുള്ളിലും ഉയരുന്നുണ്ട്.

ധാര്‍മികതയുടെ പേരില്‍ ഖഡ്‌സെ രാജിവെക്കാന്‍ തയ്യാറാകണമെന്ന് ആര്‍എസ്എസ് ചിന്തകന്‍ രാകേഷ് സിന്‍ഹ ആവശ്യപ്പെട്ടു. ആരോപണങ്ങളുടെ പുറമറയില്‍ നില്‍ക്കുന്ന ഖഡ്‌സെയുടെ കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഉടന്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ബിജെപി എംപി സത്യപാല്‍ സിംഗ് പറഞ്ഞു.

ആരോപണങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് ഖഡ്‌സെയോടും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസിനോടും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഖഡ്‌സെ മന്ത്രിമാര്‍ക്കുള്ള ബീക്കണ്‍ കാര്‍ ഉപേക്ഷിച്ച് സ്വന്തം കാറിലാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലേക്കെത്തുന്നത്.