ഭുവനേശ്വര്‍: ബി.ജെ.പിയുടെ സുവര്‍ണ കാലഘട്ടം വരണമെങ്കില്‍ കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. ഭുവനേശ്വറില്‍ തുടങ്ങിയ പാര്‍ടി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയുടെ സുവര്‍ണ സമയം വന്നു എന്ന് വിലയിരുത്താനായിട്ടില്ലെന്നും അമിത് ഷാ ഭാരവാഹികളെ അഭിസംബോധന ചെയ്തുപറഞ്ഞു.

അതുവരണമെങ്കില്‍ കേരളത്തിലും പശ്ചിമബംഗാളിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി. കേരളത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും എന്‍ഡി.എ വിപുലീകരണവും യോഗം വിലയുരുത്തി.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയോടെയാണ് ഭുവനേശ്വറില്‍ തുടക്കമായത്. ഉത്തര്‍പ്രദേശിലെ വന്‍ വിജയത്തിന് ശേഷമെത്തിയ മോദിയെ സ്വീകരിക്കാനെത്തിയ പതിനായിരങ്ങള്‍ വിമാനത്താവളത്തിലും റോഡിന് ഇരുവശത്തും കാത്തുനിന്നു. പാര്‍ട്ടിയില്‍ എല്ലാ നേതാക്കളുടെയും മേല്‍ ഉയര്‍ന്ന മോദിക്ക് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അധികാരവും ഈ നിര്‍വാഹക സമിതി യോഗം നല്‍കും.