കേന്ദ്ര സര്‍ക്കാരിന്‍റെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി അഭിപ്രായമറിയാനും ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആരംഭിച്ച പുതിയ കാമ്പയിന്‍റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ്. ധോണിയെ സന്ദര്‍ശിച്ചു. 'സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍' എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്‍റെ ഭാഗമായി പ്രമുഖരില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി അഭിപ്രായമറിയാനും ഭരണ നേട്ടങ്ങള്‍ വിശദീകരിക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്.

ധോണിയെ സന്ദര്‍ശിച്ച കാര്യം ട്വിറ്ററിലൂടെ അമിത് ഷാ തന്നെയാണ് അറിയിച്ചത്. കാമ്പയിന്‍റെ ഭാഗമായി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളെ സന്ദര്‍ശിച്ചു. കഴിഞ്ഞ നാല് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ വന്ന മാറ്റങ്ങളെപ്പറ്റി അദ്ദേഹവുമായി സംസാരിച്ചെന്നും ഷാ കുറിച്ചു.

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും അമിത് ഷായോടൊപ്പം ഉണ്ടായിരുന്നു. 10 മാസം മാത്രമാണ് ഇനി ലോക്സഭ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പേരുമായി ബിജെപി ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുകയാണ്.

തങ്ങളുടെ കര്‍മമേഖലയില്‍ പ്രശ്തരായവരുമായി ചര്‍ച്ചകള്‍ നടത്തി ഒരു ലക്ഷം പേരുമായി സംവദിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അധ്യക്ഷന്‍ അമിത് ഷാ മാത്രം 25 പേരുമായി ആശയവിനിമയം നടത്തും. നേരത്തേ മുന്‍ ആര്‍മി ചീഫ് ധല്‍ബീര്‍ സിംഗ്, രത്തന്‍ ടാറ്റ, മാധുരീ ദീക്ഷിത് തുടങ്ങിയവരെയും അമിത് ഷാ കണ്ടിരുന്നു. 

Scroll to load tweet…