കര്‍ണാടകയില്‍ വാക് പോരുമായി രാഹുൽ ഗാന്ധിയും അമിത്ഷായും ജനാധിപത്യത്തിന്‍റെ തോൽവിയിൽ രാജ്യം വിലപിക്കുകയാണെന്ന് രാഹുൽ ഇന്ത്യൻ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് അമിത്ഷാ
ദില്ലി: കർണാടകയിൽ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ട്വിറ്ററിൽ വാക് പോരുമായി രാഹുൽ ഗാന്ധിയും അമിത്ഷായും. ജനാധിപത്യത്തിന്റെ തോൽവിയിൽ രാജ്യം വിലപിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് ജെഡിഎസിന് മോഹനവാഗ്ദാനം നൽകിയ നിമിഷത്തിൽ ഇന്ത്യൻ ജനാധിപത്യം കൊലചെയ്യപ്പെട്ടെന്ന് അമിത്ഷാ പ്രതികരിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയാണ് ട്വിറ്റർ പോരിന് തുടക്കമിട്ടത്. കേവലഭൂരിപക്ഷം പോലുമില്ലാത്ത കർണാടകയിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമം യുക്തിക്ക് നിരക്കാത്ത വാശി മാത്രമാണ്. ഭരണഘടനയെ കൊഞ്ഞനം കുത്തുകയാണ് ബിജെപി. ഇന്ന് കാലത്ത് പൊള്ളയായ വിജയം ബിജെപി ആഘോഷിക്കുന്പോൾ ജനാധിപത്യത്തിന്റെ പരാജയത്തിൽ ഇന്ത്യ വിലപിക്കുകയായിരുന്നെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യന് ഭരണഘടന ആക്രമിക്കപ്പെട്ടെന്നും കര്ണ്ണാടകയില് ഒരു വശത്ത് എംഎല്എമാരും മറ്റുവശത്ത് ഗവര്ണറുമെന്ന് രാഹുല് ആരോപിച്ചു. 100 കോടി വീതം ജെഡിഎസ് എംഎല്എമാര്ക്ക് വാഗ്ദാനം ചെയ്തതായി ജെഡിഎസ് പറഞ്ഞതായും രാഹുല് ആരോപിച്ചു.
രാഹുൽ ട്വീറ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ബിജെപി അധ്യക്ഷന്റെ മറുപടിയെത്തി. ജനാധിപത്യം കൊലചെയ്യപ്പെട്ടത് നിരാശപൂണ്ട കോൺഗ്രസ് അവസാരവാദികളായ ജെഡിഎസിന് കൈ നൽകിയ നിമിഷത്തിലാണെന്ന് അമിത്ഷാ പ്രതികരിച്ചു. കർണാടകയുടെ ക്ഷേമമല്ല കേവല രാഷട്രീയ ലാഭമാണ് അവരുടെ ലക്ഷ്യം. അടിയന്തിരാവസ്ഥ കൊണ്ടുവന്ന് കോടതികളേയും മാധ്യമങ്ങളേയും പൊതുസമൂഹത്തേയും അടിച്ചമർത്തിയ സ്വന്തം പാർട്ടിയുടെ മഹത്തായ പാരന്പര്യം രാഹുൽഗാന്ധി മറക്കരുതെന്നും അമിത്ഷാ പരിഹസിച്ചു. കർണാടക ജനവിധി ആർക്കാപ്പമാണെന്ന് ചോദ്യത്തിലൂടെ സർക്കാർ രൂപികരിക്കാനുള്ള ശ്രമങ്ങളെ അമിത് ഷാ ന്യായീകരിച്ചു.. 104 സീറ്റ് ജയിച്ച ബിജെപിക്കോ അതോ .മുഖ്യമന്ത്രി സ്ഥാനാർത്ഥി വരെ തോറ്റ് 78 സീറ്റിലേക്ക് ചുരുങ്ങിയ കോൺഗ്രസിനും 37 സീറ്റ് മാത്രം നേടിയ ജെഡിഎസിനും ഒപ്പമാണോ ജനവിധി എന്നാണ് അമിത്ഷായുടെ ചോദ്യം.
