ബിജെപി അധ്യക്ഷന്‍  അമിത് ഷായ്ക്കു പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഹെലികോപ്റ്റര്‍ ഇറക്കാൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാളില്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. 

കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കു പിന്നാലെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഹെലികോപ്റ്റര്‍ ഇറക്കാൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാളില്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കമായത്. സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ പകരംവീട്ടല്‍ നടപടികള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമായി ഉയരുന്ന സാഹചര്യത്തിനിടയിലാണ് പശ്ചിമ ബംഗാളിലെ അപ്രതീക്ഷിത സംഭവങ്ങള്‍ നടക്കുന്നത്.

പശ്ചിമ ബംഗാളിലെ റായ്ഗ‍ഞ്ചിലും ബലൂര്‍ ഗഡിലും രണ്ട് റാലികളാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിശ്ചയിച്ചിരുന്നത്. കാരണം പറയാതെ അവസാന നിമിഷമാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചെതെന്നുമാണ് യോഗി ആദിത്യനാഥിന്റെ ഓഫീസ് ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ഇരുപത് പേരടങ്ങുന്ന സിബിഐ സംഘമാണ് വൈകിട്ട് കൊല്ക്കത്ത പോലീസ് കമ്മീഷണറുടെ ഔദ്യോഗിക വസതിയിൽ എത്തിയത്. ശാരദാ ചിട്ടിതട്ടിപ്പുമായി രാജീവ് കുമാറിനുള്ള ബന്ധം അന്വേഷിക്കാനായിരുന്നു സിബിഐ സംഘം എത്തിയത്. 

കൊൽക്കത്തയിലെ നാടകീയ സംഭവങ്ങളെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി തുടങ്ങിയ സത്യാഗ്രഹ സമരം തുടരുകയാണ്. സംഭവങ്ങളിൽ ചീഫ് സെക്രട്ടറിയിൽ നിന്നും ഡിജിപിയിൽ നിന്നും ബംഗാൾ ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.