ഡബ്ള്യുസിസിക്ക് വേണ്ടി ഔദ്യോഗികമായി കത്തയച്ച രേവതിക്കാണ് അമ്മയുടെ മറുപടി.
കൊച്ചി: ദിലീപിനെ തിരിച്ചെടുത്തതടക്കമുള്ള വിവാദങ്ങളിൽ നടിമാരുമായി ചർച്ചക്ക് തയ്യാറെന്ന് താരസംഘടന അമ്മ. ചർച്ച ആവശ്യപ്പെട്ട നടി രേവതിക്ക് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു ഔദ്യോഗികമായി മറുപടി നൽകി.
ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് താരസംഘടന അനുരജ്ഞനത്തിന് തയ്യാറായത്. ആക്രമിക്കപ്പെട്ട നടി അടക്കം നാലു ഡബ്ള്യുസിസി അംഗങ്ങൾ അമ്മയിൽ നിന്നും രാജിവെച്ചിരുന്നു. രാജിവെക്കാതെ അമ്മയിൽ തുടരുന്ന രേവതിയും പാർവ്വതിയും പത്മപ്രിയയുമായിരുന്നു ചർച്ച ആവശ്യപ്പെട്ടത്.
ഡബ്ള്യുസിസിക്ക് വേണ്ടി ഔദ്യോഗികമായി കത്തയച്ച രേവതിക്കാണ് അമ്മയുടെ മറുപടി. നടിമാരുടെ സൗകര്യം കൂടി കണക്കിലെടുത്ത് ചർച്ചയുടെ തിയ്യതി തീരുമാനിക്കാമെന്നാണ് ഇടവേള ബാബുവിൻറെ മറുപടി. യുകെയിലുള്ള അമ്മ പ്രസിഡണ്ട് മോഹൻലാൽ തിരിച്ചെത്തിയ ശേഷം ഈ മാസം അവസാനമാകും ചർച്ച.
അതിന് മുമ്പ് ഡബ്ള്യുസിസിയും ഔദ്യോഗികമായി യോഗം ചേരും. അതേ സമയം വിവാദത്തിൽ ഒരുപക്ഷത്തുമില്ലെന്ന സംവിധായകൻ ടികെ രാജീവ്കുമാറിന്റെ വിശദീകരണം അമ്മ പുറത്തുവിട്ടു. അമ്മയെ വിമർശിച്ചും ഡബ്ള്യുസിസിയെ പിന്തുണച്ചും 100 ലേറെ സാങ്കേതിക വിദഗ്ധർ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. അതിൽ രാജീവ്കുമാറിൻറെ പേരുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിക്കാണ് പിന്തുണയെന്നും തർക്കത്തിൽ പങ്ക് ചേരുന്നില്ലെന്നുമാണ് ചികിത്സയിൽ കഴിയുന്ന രാജീവ് കുമാറിന്റെ കുറിപ്പ്.
