സൗദിയില്‍ പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നു. മലയാളികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു ഇന്ത്യക്കാര്‍ ആദ്യ ദിവസം തന്നെ നാട്ടിലേക്ക് മടങ്ങാനായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തി. നിയമ ലംഘകരായ ഇന്ത്യക്കാര്‍ പരമാവധി നേരത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടു.
പൊതുമാപ്പ് പ്രാബല്യത്തില്‍ വന്ന ആദ്യ ദിവസം തന്നെ നാട്ടിലേക്ക് മടങ്ങാന്‍ നൂറുക്കണക്കിനു നിയമലംഘകരാണ് മുന്നോട്ടുവന്നത്. മലയാളികള്‍ ഉള്‍പ്പെടെ പൊതുമാപ്പിനു അര്‍ഹരായ മുന്നൂറിലേറെ ഇന്ത്യക്കാര്‍ ഇന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തി. താത്കാലിക യാത്രാരേഖയായ ഔട്ട്‌പാസ് ലഭിക്കുന്നതിനു വേണ്ടിയാണ് ഭൂരിഭാഗം പേരും കോണ്‍സുലേറ്റിനെ സമീപിക്കുന്നത്. ഹുറൂബ് കേസില്‍ പെട്ടവര്‍, ഇഖാമയുടെ കാലാവധി തീര്‍ന്നവര്‍, സ്‌പോണ്‍സര്‍ മരണപ്പെട്ടവര്‍ തുടങ്ങി വിവിധ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
കോണ്‍സുലേറ്റില്‍ എത്തുന്നവരുടെ എല്ലാ വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ജിദ്ദയിലുള്ളവര്‍ക്ക് അപേക്ഷിച്ച് മൂന്നു ദിവസത്തിനകവും ജിദ്ദയ്‌ക്ക് പുറത്തുള്ളവര്‍ക്ക് ഒരാഴ്ചക്കുള്ളിലും ഔട്ട്‌പാസ് അനുവദിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു. പോതുമാപ്പുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം, പാസ്‌പോര്‍ട്ട് വിഭാഗം, വിദേശകാര്യ വകുപ്പ് തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി.
പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ നൂറുക്കണക്കിനു ഇന്ത്യക്കാര്‍ റിയാദിലെ ഇന്ത്യന്‍ എംബസിയിലും വിവിധ ഭാഗങ്ങളിലെ സഹായ കേന്ദ്രങ്ങളിലും പുറം കരാര്‍ സേവനം ചെയ്യുന്ന ഓഫീസുകളിലും എത്തിയിരുന്നു. അവസാന ദിവസങ്ങളിലേക്ക് കാത്തു നില്‍ക്കാതെ നിയമലംഘകര്‍ പരമാവധി നേരത്തെ നാട്ടിലേക്ക് മടങ്ങുന്നതായിരിക്കും നല്ലതെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. പൊതുമാപ്പില്‍ മടങ്ങുന്നവര്‍ സ്വന്തമായി ടിക്കറ്റ് എടുക്കണം. കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഔട്ട്‌പാസ് വേണ്ടത്. അനധികൃത താമസക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള നല്ല അവസരമാണിതെന്നും നിയമലംഘകരായ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങി നിയമവിധേയമായി തിരിച്ചു വരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
